പ്രതിരോധ ഉപകരണങ്ങൾ വാങ്ങുകയും സ്വന്തമാക്കുകയും അതിന്റെ ഉപയോഗത്തിന് അംഗങ്ങളിൽ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യുന്ന സംയുക്ത പ്രതിരോധ ഫണ്ടിനെക്കുറിച്ച് യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ ചർച്ചകൾ ആരംഭിച്ചു, ദേശീയ അക്കൗണ്ടുകൾക്ക് കൂടുതൽ കടബാധ്യത വരുത്താതെ പ്രതിരോധത്തിനായി കൂടുതൽ ചെലവഴിക്കാനുള്ള ഒരു മാർഗമാണിത്. യൂറോപ്യൻ ഡിഫൻസ് മെക്കാനിസം എന്ന് വിളിക്കപ്പെടുന്ന ഈ ഫണ്ട്, വളരെ കടബാധ്യതയുള്ള രാജ്യങ്ങൾക്ക് വിലകൂടിയ സൈനിക ഉപകരണങ്ങൾക്ക് എങ്ങനെ പണം നൽകാമെന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമാണ്.
യൂറോപ്യൻ യൂണിയൻ ഗവൺമെന്റുകൾ തങ്ങളുടെ സുരക്ഷയ്ക്കായി ഇനി അമേരിക്കയെ പൂർണ്ണമായും ആശ്രയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുകയും, റഷ്യയിൽ നിന്ന് വരാൻ സാധ്യതയുള്ള ഒരു ആക്രമണത്തിന് തയ്യാറെടുക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ഇത്തരം ചർച്ചക്കുള്ള നല്ലൊരു തുടക്കമാണിതെന്നാണ് പോർച്ചുഗീസ് ധനമന്ത്രി ജോക്വിം മിറാൻഡ സാർമെൻ്റോ പറഞ്ഞത്. മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇതിനുള്ള പ്രാരംഭ പിന്തുണ അറിയിച്ചിട്ടുണ്ട്, യൂറോ സോൺ ബെയ്ൽഔട്ട് ഫണ്ടിന്റെ മാതൃകയായ യൂറോപ്യൻ സ്റ്റെബിലിറ്റി മെക്കാനിസത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ പദ്ധതി.

മാർക്കറ്റിലെ മാൻഡേറ്റ്, ധനകാര്യം, സംഭാവനകൾ, ലിവറേജ് എന്നിവയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഇപ്പോഴും നിരവധി പ്രശ്നങ്ങൾ ഉണ്ട്. ധനസഹായത്തിലും നിരവധി പ്രശ്നങ്ങളുണ്ട്, മാത്രമല്ല സൈനിക മേഖലയിലും രാജ്യങ്ങൾ വെല്ലുവിളി നേരിടുന്നുണ്ടെന്ന് സാർമെന്റോ പറഞ്ഞു. പ്രതിരോധ നിക്ഷേപം സംബന്ധിച്ച സാമ്പത്തിക നിയമങ്ങൾ ലഘൂകരിക്കുന്നതിലൂടെയും യൂറോപ്യൻ യൂണിയൻ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വലിയ പ്രതിരോധ പദ്ധതികൾക്കായി സംയുക്തമായി വായ്പയെടുക്കുന്നതിലൂടെയും അടുത്ത നാല് വർഷത്തിനുള്ളിൽ സൈനിക ചെലവ് 800 ബില്യൺ യൂറോ (876 ബില്യൺ ഡോളർ) വർദ്ധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ഇതിനകം തന്നെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അത്തരം ഓപ്ഷനുകൾ ദേശീയ കടം വർദ്ധിപ്പിക്കുമെന്നതും ഒരു സാധ്യതയാണ്. ഉയർന്ന കടബാധ്യതയുള്ള പല രാജ്യങ്ങൾക്കും ഇത് ഒരു ആശങ്കയായിരിക്കും. അതേസമയം ബ്രൂഗൽ ആശയം പ്രതിരോധ നിക്ഷേപത്തിന്റെ ഒരു ഭാഗം ദേശീയ കണക്കുകളിൽ ഉൾപ്പെടുത്താതെ സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗം കൂടിയായി രാജ്യങ്ങൾക്ക് കണക്കാക്കാവുന്നതാണ്.
ഈ ഫണ്ട് ഒരു ആഭ്യന്തര സർക്കാർ ഉടമ്പടി പ്രകാരമാണ് സ്ഥാപിക്കപ്പെടുന്നത്. കൂടാതെ ബ്രിട്ടൻ, യുക്രെയ്ൻ, നോർവേ തുടങ്ങിയ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള അംഗങ്ങളെ യൂറോപ്യൻ ഡിഫൻസ് മെക്കാനിസത്തിൽ പ്രവേശിപ്പിക്കാൻ കഴിയും. ഇതിൽ നിന്നും വായ്പയെടുക്കുമ്പോൾ കടം ദേശീയ അക്കൗണ്ടുകളിലല്ലാതെ യൂറോപ്യൻ ഡിഫൻസ് മെക്കാനിസത്തിന്റെ അക്കൗണ്ടുകളിൽ തന്നെ തുടരും. ചെലവ് കുറയ്ക്കുന്നതിനും വിഭവങ്ങൾ ശേഖരിക്കുന്നതിനുമായി പ്രതിരോധ ഉപകരണങ്ങൾക്കായി ഒരൊറ്റ യൂറോപ്യൻ വിപണിയായി യൂറോപ്യൻ ഡിഫൻസ് മെക്കാനിസത്തെ ആ നീക്കങ്ങൾ മാറ്റും.
Also Read: ഇന്ത്യ-മിഡിൽ-ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി; സഹകരണം വികസിപ്പിക്കാൻ ഇന്ത്യയും ഇറ്റലിയും
നിലവിൽ, 27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനിലെ പ്രതിരോധ സംഭരണവും ഉൽപ്പാദനവും കുറഞ്ഞത് ഏഴ് വ്യത്യസ്ത തരം ടാങ്കുകൾ, ഒമ്പത് തരം സെൽഫ് പ്രൊപ്പൽഡ് ഹോവിറ്റ്‌സറുകൾ, ഏഴ് തരം ഇൻഫൻട്രി ഫൈറ്റിംഗ് വാഹനങ്ങൾ എന്നിവയാൽ വിഘടിച്ചിരിക്കുന്നതാണ്, ഇത് ചെലവ് വർദ്ധിപ്പിക്കുകയും പരസ്പര പ്രവർത്തനക്ഷമത കുറയ്ക്കുകയും സ്കെയിൽ സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. യൂറോപ്പിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പുതിയ ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത പരിഗണിക്കേണ്ടതാണ് അത്യാവിശമെന്ന് സാർമെന്റോ പറഞ്ഞിരുന്നു. സൈന്യങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ചെലവേറിയ സൈനിക അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും അമേരിക്കയെ ആശ്രയിക്കാതെ തന്നെ ലഭിക്കണമെന്നും അതിനുള്ള ഫണ്ട് ശേഖരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സംയുക്ത കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ, ഉപഗ്രഹാധിഷ്ഠിത ഇന്റലിജൻസ്, ആശയവിനിമയം, അഞ്ചാം തലമുറ അല്ലെങ്കിൽ ആറാം തലമുറ യുദ്ധവിമാനങ്ങൾ പോലുള്ള വിലയേറിയ പുതിയ ആയുധ സംവിധാനങ്ങളുടെ വികസനം, തന്ത്രപരമായ വ്യോമ പ്രതിരോധം, തന്ത്രപരമായ വലിയ തോതിലുള്ള വ്യോമഗതാഗതം, സമുദ്ര ലോജിസ്റ്റിക്സ്, മിസൈലുകൾ, ആണവ പ്രതിരോധം തുടങ്ങിയ ഒന്നിലധികം രാജ്യങ്ങൾക്ക് ആവശ്യമായ സംയോജിത ആയുധ സംവിധാനങ്ങൾ ഈ പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു.
Also Read : ആണവ ചർച്ചയിലും തെളിഞ്ഞു നിന്നത് അമേരിക്കയോടുള്ള അവിശ്വാസം, നിലപാടിൽ ഉറച്ച് ഇറാൻ
പരമാവധി സംഭരണം സംയോജിപ്പിച്ച്, മത്സരം വർദ്ധിപ്പിക്കുന്നതിനായി ബ്രിട്ടനെ ഒരു പ്രധാന വ്യാവസായിക പ്രതിരോധ ഘടകമാക്കി ഉൾപ്പെടുത്തി ഒരു പൊതു യൂറോപ്യൻ പ്രതിരോധ വിപണി സൃഷ്ടിച്ചാൽ മാത്രമേ, 2030 ഓടെ യൂറോപ്പിന് അമേരിക്കയിലുള്ള സൈനിക ആശ്രയത്വം കുറയ്ക്കാൻ കഴിയുകയുള്ളുവെന്ന് യൂറോപ്യൻ ഡിഫൻസ് മെക്കാനിസത്തെക്കുറിച്ച് ബ്രൂഗൽ പ്രബന്ധം പറഞ്ഞു. അമേരിക്കയ്ക്ക് വേണ്ടാത്ത സഖ്യകക്ഷി ബന്ധം തങ്ങൾക്കും വേണ്ടെന്ന യൂറോപ്യൻ രാജ്യങ്ങളുടെ ശക്തമായ തീരുമാനമാണ് ഇത്തരം പുതിയ നീക്കങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇത്തരം കരുനീക്കങ്ങൾ ഇപ്പുറത്ത് നടക്കുമ്പോൾ മറുവശത്ത് അമേരിക്കയുടെ ശത്രുക്കളുടെ എണ്ണം വർധിക്കുന്നുവെന്ന കാര്യത്തിലും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.