യൂറോപ്പിന്റെ പരീക്ഷണശാല: ഇന്നിതെല്ലാം ഇവിടെ പേടിസ്വപ്‌നങ്ങൾ…സിസിലിയിൽ രൂപപ്പെടുന്നത് മെഡിറ്ററേനിയൻ മേഖലയിലെ പുതിയ മരുഭൂമി?

മെഡിറ്ററേനിയൻ കടലിലെ ഏറ്റവും വലിയ ദ്വീപായ സിസിലി, ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ നാടകീയവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ ഓരോ വർഷവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

യൂറോപ്പിന്റെ പരീക്ഷണശാല: ഇന്നിതെല്ലാം ഇവിടെ പേടിസ്വപ്‌നങ്ങൾ…സിസിലിയിൽ രൂപപ്പെടുന്നത് മെഡിറ്ററേനിയൻ മേഖലയിലെ പുതിയ മരുഭൂമി?
യൂറോപ്പിന്റെ പരീക്ഷണശാല: ഇന്നിതെല്ലാം ഇവിടെ പേടിസ്വപ്‌നങ്ങൾ…സിസിലിയിൽ രൂപപ്പെടുന്നത് മെഡിറ്ററേനിയൻ മേഖലയിലെ പുതിയ മരുഭൂമി?

മെഡിറ്ററേനിയൻ കടലിലെ സൗന്ദര്യവും ചരിത്രവും ഉറങ്ങുന്ന ദ്വീപായ സിസിലി, ഇന്ന് പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. വടക്കുകിഴക്കൻ സിസിലിയിലെ ഉയർന്ന കുന്നിൻ പ്രദേശമായ സപോനാര ഗ്രാമത്തിൽ, അടുത്തിടെ വീശിയടിച്ച കൊടുങ്കാറ്റിന്റെ ഭീകരമായ അടയാളങ്ങൾ ഇപ്പോഴും അവിടെ മായാതെ കിടക്കുന്നു. ഫെബ്രുവരി 2-ന് പ്രദേശത്ത് ആഞ്ഞടിച്ച അക്രമാസക്തമായ കാലാവസ്ഥയുടെ അടയാളങ്ങളാണ് ഈ ഗ്രാമം പേറുന്നത്.

ദിവസങ്ങൾ നീണ്ട വെള്ളപ്പൊക്കം അവസാനിച്ചപ്പോൾ, അവശേഷിച്ചത് തീവ്രമായ നാശനഷ്ടങ്ങളാണ്. ചെളി പുരണ്ട വീതികൾ, മണ്ണിൽ പൂണ്ടുപോയ തപാൽപ്പെട്ടികൾ, തെരുവുകളിലെങ്ങും ചിതറിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ഒഴിഞ്ഞ കുപ്പികളും… പ്രകൃതിയുടെ ഈ കോപത്തിന് മുന്നിൽ മനുഷ്യൻ്റെ നിസ്സഹായത വ്യക്തമാക്കുന്ന ദുരന്തത്തിൻ്റെ ചിത്രങ്ങളാണിവ. ഓഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ മുറിവുകൾ ഉണങ്ങും മുൻപേയാണ് പ്രദേശം വീണ്ടും ദുരന്തമുഖമായത് . ഏതാനും മണിക്കൂറുകൾ നീണ്ടുനിന്ന മഴയിൽ വീടുകൾ നശിക്കുക കൂടി ചെയ്തതോടെ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നതായി സപോനാര മേയർ ഗ്യൂസെപ്പെ മെർലിനോ സാക്ഷ്യപ്പെടുത്തുന്നു.

ഒരുകാലത്ത് കത്തിജ്വലിക്കുന്ന സൂര്യന്റെയും കാലാതീതമായ സൗന്ദര്യത്തിന്റെയും പ്രതീകമായിരുന്ന സിസിലി ഇന്ന് യൂറോപ്പിന് ഒരു മുന്നറിയിപ്പായി നിലകൊള്ളുകയാണ്. ഈ ദ്വീപ് അതിവേഗം ചൂടാകുന്നതും, തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് ഇരയാകുന്നതും, ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഭീഷണിയുടെ തീവ്രതയാണ് എടുത്തു കാണിക്കുന്നത്.

സിസിലിയിലെ നോബൽ സമ്മാന ജേതാവായ എഴുത്തുകാരൻ ലൂയിജി പിരാൻഡെല്ലോ ഈ ദ്വീപിനെ ഒരിക്കൽ വിശേഷിപ്പിച്ചത്, “തണലില്ലാതെ, കാറ്റ് പോലും കത്തുന്നതായി തോന്നുന്ന ഇടാമെന്നാണ്”. ഒരു സാഹിത്യപരമായ ആലങ്കാരിക പ്രയോഗമായി കണക്കാക്കിയിരുന്ന ആ വാക്കുകൾ ഇന്ന് അക്ഷരാർത്ഥത്തിൽ സത്യമായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ സിസിലിയിലെ കടുത്ത വേനലിനെയാണ് അദ്ദേഹം സൂചിപ്പിച്ചതെങ്കിൽ, ആഗോളതാപനം കാരണം ഇന്ന് സിസിലിയിലെ ചൂട് മാനുഷിക പരിധിക്ക് അപ്പുറത്തേക്ക് ഉയർന്നിരിക്കുന്നു. കാറ്റിൽ പോലും തണുപ്പ് ലഭിക്കാത്തതും, വരണ്ട ചൂട് ശരീരത്തെ പൊള്ളിക്കുന്നതുമായ അവസ്ഥയിലേക്ക് ദ്വീപ് എത്തിച്ചേർന്നു. തീ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവ ഇപ്പോൾ സിസിലിയിലെ തദ്ദേശവാസികൾക്ക് ഒരു പ്രത്യേക സംഭവമല്ല, മറിച്ച് അവിടത്തെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

കാലാവസ്ഥാ വ്യതിയാനം: ഒരു ‘സ്ഫോടനാത്മകമായ കോക്ടെയ്ൽ’

മെഡിറ്ററേനിയൻ കടലിലെ ഏറ്റവും വലിയ ദ്വീപായ സിസിലി, ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ നാടകീയവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ ഓരോ വർഷവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദ്വീപ് അഭിമുഖീകരിക്കുന്ന തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സംയോജനത്തെ കാലാവസ്ഥാ നിരീക്ഷകനായ ഡേവിഡ് ഫാരണ്ട് വിശേഷിപ്പിക്കുന്നത് “സ്ഫോടനാത്മകമായ കോക്ടെയ്ൽ” എന്നാണ്.

ഈ ഭീഷണിക്ക് ആക്കം കൂട്ടുന്നത് അന്തരീക്ഷത്തിലെ അസ്ഥിരതയാണ്. അവിടെ വീശുന്ന ചെറിയ കാറ്റ് പോലും വായുവിൽ ധാരാളം ഈർപ്പം ഉണ്ടാക്കുന്നു, ഇത് അന്തരീക്ഷത്തെ കൊടുങ്കാറ്റുകൾക്ക് കൂടുതൽ അനുയോജ്യമാക്കുന്നു. ഡേവിഡ് ഫാരണ്ട് പറയുന്നതനുസരിച്ച്, ആഗോളതാപനം കാരണം സിസിലി നേരിടുന്ന രണ്ട് പ്രധാന ഭീഷണികൾ ഇവയാണ്:

നീണ്ടുനിൽക്കുന്ന വരൾച്ചയും ഉഷ്ണതരംഗങ്ങളും: ഈ മേഖലയിൽ താപനില വർധിക്കുന്നത് പതിവാകുകയും, ഉഷ്ണതരംഗങ്ങളും നീണ്ടുനിൽക്കുന്ന വരൾച്ചകളും തുടർക്കഥയാവുകയും ചെയ്യുന്നു.

അക്രമാസക്തമായ കാലാവസ്ഥാ സംഭവങ്ങൾ: മെഡിറ്ററേനിയൻ കടലിലെ തീവ്രമായ താപനില വർധനവ് കാരണം, രൂപപ്പെടുന്ന കൊടുങ്കാറ്റുകളും താഴ്ന്ന മർദ്ദമുള്ള കാലാവസ്ഥാ സംഭവങ്ങളും മുൻപുള്ളതിനേക്കാൾ കൂടുതൽ അക്രമാസക്തമാവുകയും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നു. ഈ ഭീകരമായ ഇരട്ട പ്രഹരം, സിസിലിയെ യൂറോപ്പിന്റെ കാലാവസ്ഥാ പരീക്ഷണശാലയാക്കി മാറ്റുന്നു. ഈ മേഖലയിൽ അടിയന്തരമായ ശ്രദ്ധ ആവശ്യമാണെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു.

ആശങ്ക: യൂറോപ്പിന്റെ കാലാവസ്ഥാ പരീക്ഷണശാല

ഇതിലെ ഏറ്റവും വലിയ ആശങ്ക, സിസിലി ഇന്ന് വെറുമൊരു പ്രാദേശിക ദുരന്തമല്ല മറിച്ച്, ഇത് യൂറോപ്പിന്റെ കാലാവസ്ഥാ പരീക്ഷണശാലയായി (Climate Laboratory) മാറിയിരിക്കുന്നു എന്നതാണ്. തീവ്രമായ താപനില വർധനവ് ഇവിടെ തുടരുന്നതിനാൽ, മെഡിറ്ററേനിയൻ മേഖലയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇവിടെ കണ്ടുതുടങ്ങുന്നത്. അതായത്, മെഡിറ്ററേനിയൻ കടലിന്റെ അടുത്ത മരുഭൂമി ഇവിടെ ഇതിനകം രൂപം കൊണ്ടിരിക്കുന്നു. സിസിലിയിൽ നടക്കുന്ന സംഭവങ്ങൾ കേവലം ഒരു പ്രാദേശിക വാർത്തയല്ല, മറിച്ച് ലോകം മുഴുവൻ ഉണരേണ്ടതിന്റെ അനിവാര്യമായ ഒരു മുന്നറിയിപ്പ് കൂടിയാണ്.

Share Email
Top