ജോ ബൈഡന്‍ പ്രസിഡന്റായിരിക്കെ റഷ്യയില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ചിലത് വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മുതല്‍ റഷ്യയെ ലക്ഷ്യമിട്ടത് 40,000 പാശ്ചാത്യ ഉപരോധങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടീഷ് പത്രം പറയുന്നതനുസരിച്ച്, ബ്രസല്‍സിലെ ഉദ്യോഗസ്ഥര്‍ ട്രംപ് തന്റെ മുന്‍ഗാമിയുടെ ചില തീരുമാനങ്ങള്‍ തിരുത്തിയേക്കുമെന്ന് ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയ്‌ക്കെതിരെ ബൈഡന്‍ അംഗീകരിച്ച നൂറുകണക്കിന് ഉപരോധങ്ങളും എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും വിശകലനം ചെയ്യാന്‍ ബ്രസ്സല്‍സ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ബൈഡന്റെ വിദേശ നയ തീരുമാനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ട്രംപ് യൂറോപ്യന്‍ യൂണിയന്‍ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചേക്കാമെന്നും ചില ഉദ്യോഗസ്ഥര്‍ ഫിനാന്‍ഷ്യല്‍ ടൈസിനോട് പറഞ്ഞു.
Also Read: മസ്‌ക് ഈശ്വര വിശ്വാസിയാണോ; മറുപടി ഇങ്ങനെ
2022 ഫെബ്രുവരിയില്‍ യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ബൈഡന്‍ റഷ്യയ്‌ക്കെതിരെ തുടര്‍ച്ചയായി നിയന്ത്രണങ്ങളുടെ ഒരു പരമ്പര അവതരിപ്പിച്ചു. ബൈഡന്റെ ഉപരോധം റഷ്യയുടെ പരമാധികാര ആസ്തികളുടെ ഒരു പ്രധാന ഭാഗം മരവിപ്പിച്ചു. യുക്രെയ്‌ന് വായ്പ നല്‍കാന്‍ ആ ഫണ്ടുകള്‍ സൃഷ്ടിച്ച പലിശ ഉപയോഗിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളെയും പ്രധാന വ്യവസായങ്ങളെയും ബൈഡന്റെ ഉപരോധം ലക്ഷ്യമിട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍പ്പെടുത്തി. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്താനായിട്ടായിരുന്നു ബൈഡന്‍ ചെയ്തതെങ്കിലും റഷ്യ കൂടുതല്‍ കരുത്തരായി.
ഉപരോധത്തെ ‘നിയമവിരുദ്ധം’ എന്ന് റഷ്യ അപലപിച്ചു , അതേസമയം റഷ്യയുടെ മരവിപ്പിച്ച ആസ്തികള്‍ യൂറോപ്യന്‍ യൂണിയന്‍ കൈകാര്യം ചെയ്യുകയും, യുക്രെയ്‌ന് വേണ്ടി തുക ചെലവഴിക്കുകയും ചെയ്തു. റഷ്യ ഇതിനെ പാശ്ചാത്യ രാജ്യങ്ങളുടെ’മോഷണം’ എന്നാണ് വിശേഷിപ്പിച്ചത്.
Also Read; തനിക്കെതിരെയുള്ള കേസുകളെ ഇല്ലാതാക്കി ട്രംപ്
2022-ന് മുമ്പ് തന്നെ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധങ്ങള്‍ കൊണ്ടുവന്നിരുന്നു. 2014-ല്‍ യുക്രെയ്‌നില്‍ നടന്ന പാശ്ചാത്യ പിന്തുണയുള്ള അട്ടിമറിയെത്തുടര്‍ന്ന് ക്രിമിയ യുക്രെയ്നില്‍ നിന്ന് വേര്‍പിരിഞ്ഞ് റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ന്നതിന് ശേഷം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റഷ്യയെ ലക്ഷ്യമിട്ടു. റഷ്യയ്‌ക്കെതിരെ ഉപരോധങ്ങള്‍ അദ്ദേഹം കടുപ്പിക്കുകയും ചെയ്തു.