വേനലവധി കഴിഞ്ഞ് പ്രവാസികളും നാട്ടുകാരും മടങ്ങിയെത്തിയതോടെ യു.എ.ഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ജൂണിൽ അബുദാബിക്കും ഫുജൈറയ്ക്കും ഇടയിൽ ആരംഭിച്ച പരീക്ഷണ സർവീസുകളിലൂടെ ഇതിനകം ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഇത്തിഹാദ് റെയിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അസ്സ അൽ സുവൈദി വ്യക്തമാക്കി. റോഡ് മാർഗമുള്ള യാത്രകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുഖകരവും വേഗതയേറിയതുമായ യാത്ര ഉറപ്പാക്കുന്ന ഈ ട്രെയിൻ സർവീസുകളിൽ ദിവസേന കുടുംബങ്ങളും സ്ഥിരയാത്രക്കാരും ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
റെയിൽ ശൃംഖലയുടെ പൂർണമായ ഔദ്യോഗിക ഉദ്ഘാടനവും ദുബായ് സ്റ്റേഷന്റെ പ്രവർത്തനവും വരുന്ന സെപ്റ്റംബർ 30-ന് നടക്കാനിരിക്കുകയാണ്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ദിവസേന യാത്ര ചെയ്യുന്നവരുടെ എണ്ണം ഇനിയുമേറെ വർധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സമയബന്ധിതമായ സർവീസുകൾ, അത്യാധുനിക സൗകര്യങ്ങളുള്ള ഇരിപ്പിടങ്ങൾ, മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക കാറ്ററിങ് സേവനങ്ങൾ എന്നിവയാണ് യാത്രക്കാരെ ഈ ട്രെയിൻ യാത്രയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
Also Read: പണമുള്ളവരുടെ ദുബായ്..! സമ്പന്നരുടെ ഇഷ്ടരാജ്യമായി മാറി യുഎഇ
അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ദൈനംദിന യാത്രകൾക്ക് പുറമെ ചികിത്സാ ആവശ്യങ്ങൾക്കും കുടുംബ സന്ദർശനങ്ങൾക്കും ഈ റെയിൽ സർവീസ് വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്. ഉദാഹരണത്തിന് കൽബയിൽ നിന്നുള്ള കുടുംബങ്ങൾ അബുദാബിയിലെ ആശുപത്രികളിൽ പോയി ചികിത്സ കഴിഞ്ഞ് അന്നേ ദിവസം തന്നെ തിരികെ എത്താൻ ഈ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. ലളിതമായ ചെക്ക്-ഇൻ നടപടികളും ജീവനക്കാരുടെ മികച്ച പെരുമാറ്റവും യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സെപ്റ്റംബർ 30-ലെ ഔദ്യോഗിക ലോഞ്ചിംഗോടെ യു.എ.ഇയുടെ ഗതാഗത രംഗത്ത് ഇത്തിഹാദ് റെയിൽ ചരിത്രപരമായ പുതിയൊരു അധ്യായം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.






