അബുദാബി: യു.എ.ഇ.യുടെ യാത്രാസംസ്കാരത്തിൽ പുതിയ ചരിത്രമെഴുതി മുന്നേറുന്ന ഇത്തിഹാദ് റെയിൽവേ പാസഞ്ചർ സർവീസുകൾക്ക് രാജ്യത്തുടനീളം അഭൂതപൂർവമായ സ്വീകാര്യത. സർവീസ് ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ ട്രെയിനുകളിലും സ്റ്റേഷനുകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ ഫുജൈറ-അബുദാബി റൂട്ടിൽ ആരംഭിച്ച സർവീസിനെ താമസക്കാരും വിനോദസഞ്ചാരികളും ഒരേപോലെ നെഞ്ചേറ്റി കഴിഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ ഈ അത്യാധുനിക ഗതാഗത ശൃംഖല യു.എ.ഇ.യുടെ ആഭ്യന്തര വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.
എമിറേറ്റുകൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ പ്രകൃതിഭംഗിയും സാംസ്കാരിക-പൈതൃക കേന്ദ്രങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഇത്തിഹാദ് റെയിലിന് സാധിക്കുമെന്ന് ടൂറിസം രംഗത്തുള്ളവർ വിലയിരുത്തുന്നു. പുതിയ യാത്രാസൗകര്യം വന്നതോടെ കിഴക്കൻ മേഖലകളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്നും ഹോട്ടൽ ബുക്കിംഗുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും വലിയ മുന്നേറ്റമുണ്ടാകുമെന്നും ഫുജൈറ ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് വകുപ്പ് ഡയറക്ടർ സയീദ് അബ്ദുല്ല അൽ സമഹി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് വെറും 105 മിനിറ്റ് കൊണ്ട് ട്രെയിനെത്തും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളിൽ ഒരു സമയം 400 പേർക്ക് വരെ യാത്ര ചെയ്യാം. പൂർണ്ണ സജ്ജമാകുന്നതോടെ പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് ഈ സൌകര്യം പ്രയോജനപ്പെടുത്താനാകും.
അതേസമയം, യാത്രക്കാരുടെ സുരക്ഷയും ട്രെയിനുകളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കാൻ കർശന നിയമാവലികളാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. പൊതുനിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും കുറ്റത്തിന്റെ തീവ്രതയനുസരിച്ച് പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ശ്രദ്ധയ്ക്കായി 27 തരം നിയമലംഘനങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചു.
മാലിന്യം വലിച്ചെറിയുക, സീറ്റുകളിൽ കാൽ വെക്കുക, ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, റിസർവേഷൻ ഇല്ലാത്ത സീറ്റുകൾ കൈയടക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 200 ദിർഹമാണ് പിഴ. നിരോധിത സ്ഥലങ്ങളിൽ പുകവലിക്കുകയോ ഇ-സിഗരറ്റ് ഉപയോഗിക്കുകയോ ചെയ്യുക, സഹയാത്രക്കാരോട് മോശമായി പെരുമാറുക, തുപ്പുക തുടങ്ങിയവയ്ക്ക് 500 ദിർഹം പിഴ ഈടാക്കും. ട്രെയിനിന്റെ സുരക്ഷാ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുക, അടിയന്തര അലാറം ദുരുപയോഗം ചെയ്യുക, അനുമതിയില്ലാതെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുക, വാണിജ്യ ആവശ്യങ്ങൾക്കായി വീഡിയോ ചിത്രീകരിക്കുക തുടങ്ങിയ ഗുരുതരമായ ലംഘനങ്ങൾക്ക് 5000 ദിർഹം മുതൽ ഉയർന്ന തുക വരെ പിഴയും കടുത്ത നിയമനടപടികളും നേരിടേണ്ടി വരും. യു.എ.ഇ.യുടെ ഈ സ്വപ്ന പദ്ധതിയുടെ അന്തസ്സും വൃത്തിയും കാത്തുസൂക്ഷിക്കാൻ എല്ലാ യാത്രക്കാരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.






