ഭാവിയിലേക്കുള്ള വൻ നിക്ഷേപമായി ഇത്തിഹാദ് റെയിൽ; ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ

അബുദാബിയിലെ മുഹമ്മദ്‌ ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് ഫുജൈറ സ്റ്റേഷനിലേക്കുള്ള പ്രത്യേക ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഭാവിയിലേക്കുള്ള വൻ നിക്ഷേപമായി ഇത്തിഹാദ് റെയിൽ; ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ
ഭാവിയിലേക്കുള്ള വൻ നിക്ഷേപമായി ഇത്തിഹാദ് റെയിൽ; ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ

അബുദാബി: കേവലമൊരു ഗതാഗത പദ്ധതി എന്നതിലുപരി യു.എ.ഇ.യുടെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് ഇത്തിഹാദ് റെയിൽ യാത്രാസേവനങ്ങളെന്ന് യു.എ.ഇ. സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക വളർച്ചയ്ക്ക് പുതിയ വേഗത പകരുന്ന ഇത്തിഹാദ് റെയിൽ പദ്ധതി യു.എ.ഇ.യുടെ ഗതാഗത ചരിത്രത്തിലെ സുവർണ്ണ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബിയിലെ മുഹമ്മദ്‌ ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് ഫുജൈറ സ്റ്റേഷനിലേക്കുള്ള പ്രത്യേക ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.എ.ഇ. നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ അൽ നുഐമിയും ഈ ചരിത്രയാത്രയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യാത്രയിലുടനീളം ഇത്തിഹാദ് റെയിൽ സി.ഇ.ഒ. ഷാദി മാലിക് ഇരുവർക്കും പദ്ധതിയുടെ പുരോഗതിയെക്കുറിച്ചും അത്യാധുനിക സൌകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു നൽകുകയും ട്രെയിനിലേക്ക് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റെയിൽ ശൃംഖല യു.എ.ഇ.യുടെ വികസനക്കുതിപ്പിന് പുതിയ മാനങ്ങൾ നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: വ്യാജന്മാരെ വെറുതെ വിടില്ല! ഒന്നരവർഷത്തിനിടെ ദുബായ് പിടികൂടിയത് 902 വ്യാജ യാത്രാരേഖകൾ

യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകളുടെ പ്രതിഫലനമാണ് ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും രാജ്യം നടത്തുന്ന സമാനതകളില്ലാത്ത മുന്നേറ്റത്തിന് ഇത്തിഹാദ് റെയിൽ അടിവരയിടുന്നു. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ.യുടെ സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാൻ ഈ പദ്ധതിക്ക് സാധിക്കും.

ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. എമിറേറ്റുകൾക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഇത്തിഹാദ് റെയിലിന് കഴിയും. യാത്രയ്ക്കിടയിൽ ട്രെയിൻ സ്റ്റേഷനുകളിലെ ആധുനിക സൗകര്യങ്ങൾ, യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങൾ, സ്മാർട്ട് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഷെയ്ഖ് നഹ്യാൻ നേരിട്ട് വിലയിരുത്തുകയും പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Share Email
Top