‘മാധ്യമങ്ങള്‍ കൊത്തിവലിച്ചാല്‍ തീരുന്നയാളല്ല ഞാന്‍’; ഇ പി ജയരാജന്‍

‘മാധ്യമങ്ങള്‍ കൊത്തിവലിച്ചാല്‍ തീരുന്നയാളല്ല ഞാന്‍’; ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇപി ജയരാജന്‍. താന്‍ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്. ഇപി മാധ്യമങ്ങളെ വിമര്‍ശിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും താന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇപി പറഞ്ഞു. മീഡിയയാണ് ഉണ്ടാക്കിയത്. ഇത് ആരോപണങ്ങളല്ല. ഫ്രോഡാണ്. മാധ്യമങ്ങള്‍ കൊത്തിവലിച്ചാല്‍ തീരുന്നയാളല്ല ഞാന്‍. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതില്‍ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തില്‍ മാധ്യമങ്ങള്‍ മാറരുത്. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങള്‍ക്കും ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു.

അതെസമയം, ഇപി ജയരാജന്‍ വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇപി ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇപി വിവാദം സെക്രട്ടേറിയറ്റ് പരിശോധിച്ചു. ഒരു വര്‍ഷം മുന്‍പ് ബിജെപി നേതാവിനെ കണ്ടത് ഇപി സ്ഥിരീകരിച്ചിട്ടുണ്ട്.

Top