CMDRF

എക്സിറ്റ് പോൾ ഫലിച്ചാൽ ഇപി ജയരാജൻ ‘എഫക്ട്’ ഉറപ്പിക്കാം, സി.പി.എമ്മിനും നടപടി എടുക്കാതിരിക്കാൻ കഴിയില്ല

എക്സിറ്റ് പോൾ ഫലിച്ചാൽ ഇപി ജയരാജൻ ‘എഫക്ട്’ ഉറപ്പിക്കാം, സി.പി.എമ്മിനും നടപടി എടുക്കാതിരിക്കാൻ കഴിയില്ല
എക്സിറ്റ് പോൾ ഫലിച്ചാൽ ഇപി ജയരാജൻ ‘എഫക്ട്’ ഉറപ്പിക്കാം, സി.പി.എമ്മിനും നടപടി എടുക്കാതിരിക്കാൻ കഴിയില്ല

ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഒറ്റ സീറ്റു പോലും ലഭിക്കില്ലന്ന എക്സിറ്റ് പോളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിലർ ഒന്നോ രണ്ടോ സീറ്റുകൾ മാത്രം ഇടതുപക്ഷത്തിന് ലഭിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. യുഡിഎഫ് ബഹുഭൂരിപക്ഷം സീറ്റുകളും തൂത്ത് വാരുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളിലും പറയുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ബിജെപി കേരളത്തിൽ നിന്ന് ഒന്നു മുതൽ 3 സീറ്റുകൾ നേടുമെന്ന പ്രവചനമാണ്. ഒരു ചാനൽ പുറത്ത് വിട്ടത് 4 സീറ്റുകൾ ബിജെപി നേടുമെന്നാണ്. വോട്ടിങ് ശതമാനത്തിലും ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം കേരളത്തിൽ ബിജെപി ഉണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ റിപ്പോർട്ട് പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ അവകാശപ്പെടുന്നത്.

കേരളത്തിൽ നിന്നുള്ള സിപിഎം അക്കൗണ്ട് പൂട്ടിച്ച് ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രവചനങ്ങൾ രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിക്കുന്നതാണ്. എക്സിറ്റ് പോളുകളുടെ കണ്ടെത്തലുകൾക്ക് എതിരായ വിധിയെഴുത്താണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത് എന്നതിനാൽ സിപിഎം നേതൃത്വം ഈ അഭിപ്രായ സർവ്വേകളെ പുച്ഛിച്ച് തള്ളുകയാണ് ചെയ്യുന്നത്. യഥാർത്ഥ ഫലം വരുമ്പോൾ വലിയ മുന്നേറ്റം ഇടതുപക്ഷം നടത്തുമെന്നു തന്നെയാണ് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നത്.

അതേസമയം, പുറത്തുവന്ന എക്സിറ്റ് പോളുകളെ സിപിഐ നേതൃത്വം ആശങ്കയോടെയാണ് നോക്കി കാണുന്നത്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു സീറ്റുകൾ തൃശൂരും തിരുവനന്തപുരവും ആണ്. ഈ രണ്ട് സീറ്റുകളിലും ഇടതുപക്ഷത്ത് നിന്നും മത്സരിച്ചത് സിപിഐയാണ്. അതു തന്നെയാണ് നേതൃത്വത്തിൻ്റെ ചങ്കിടിപ്പിക്കുന്നത്.

കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ഇപി ജയരാജനും പ്രതിക്കൂട്ടിലാകും. ‘ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്നും ബിജെപിയും ഇടതുപക്ഷവും തമ്മിലാണ് മത്സരമെന്നും ‘ തിരഞ്ഞെടുപ്പിന് മുൻപ് പരസ്യമായി പറഞ്ഞ ഇപി ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലും നടത്തിയിരുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തൻ്റെ വീട്ടിലെത്തി കണ്ടതായ ഇ.പി ജയരാജൻ്റെ വെളിപ്പെടുത്തൽ ഇടതുപക്ഷ കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ വെളിപ്പെടുത്തൽ വലിയ പ്രചരണമാക്കി വോട്ടർമാരിൽ എത്തിക്കാൻ വോട്ടെടുപ്പ് കഴിയുന്നതു വരെ യുഡിഎഫ് ശ്രമിക്കുകയും ചെയ്തിരുന്നു.

നഷ്ടപ്പെടുമെന്ന് കരുതിയ മത ന്യൂനപക്ഷങ്ങളുടെ വോട്ട് ഉൾപ്പെടെ യുഡിഎഫിനു ലഭിക്കാൻ ഇപി ജയരാജൻ്റെ ഈ വെളിപ്പെടുത്തൽ വഴി കഴിഞ്ഞതായാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും നേട്ടമായതായാണ് അവരുടെ കണക്കു കൂട്ടൽ.

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ഇടതുപക്ഷത്തിൻ്റെ അക്കൗണ്ട് പൂട്ടിപോവുകയും ചെയ്താൽ ഈ വാദമാണ് സ്ഥിരീകരിക്കപ്പെടുക. അതോടെ സിപിഐയും ഇപിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

ഇ.പി ജയരാജൻ്റെ വിവാദ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാതിരുന്ന സിപിഎം നേതൃത്വത്തിന് അത്തരമൊരു സാഹചര്യം ഉണ്ടായാൽ നടപടി സ്വീകരിക്കാതിരിക്കാൻ കഴിയുകയില്ല. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച നടന്നതും ആ വിവരം തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി പുറത്തു വിട്ടതും ശരിയായില്ലെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിനും ഉള്ളത്. പ്രവർത്തകർക്കിടയിലെ പൊതു വികാരവും അതു തന്നെയാണ്. ഇടതുപക്ഷത്തിൻ്റെ വോട്ട് ബാങ്കിൽ വലിയ ചോർച്ച ഉണ്ടായാൽ വലിയ രാഷ്ട്രീയ പ്രത്യാഘാതമാണ് അത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉണ്ടാക്കുക. പശ്ചിമ ബംഗാളിൻ്റെയും ത്രിപുരയുടെയും പൊള്ളുന്ന അനുഭവം ഉള്ളതിനാൽ ഇക്കാര്യത്തിൽ മുഖം നോക്കാതെയുള്ള നടപടികളായിരിക്കും സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിക്കുക.

അതേസമയം, മോദിക്ക് ഭരണ തുടർച്ച ഉണ്ടാകുന്നതോടൊപ്പം തന്നെ കേരളത്തിലും തെലങ്കാനയിലും ആന്ധ്രയിലും തമിഴ് നാട്ടിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ ഫലത്തിൽ ബിജെപി ദേശീയ നേതൃത്വം വലിയ ആവേശത്തിലാണുള്ളത്.

ദേശീയ തലത്തിൽ 60ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്ന ഭൂരിപക്ഷ പ്രവചനം സാധ്യമായാൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടാനുള്ള സാധ്യതകളും ഏറെയാണ്.

മുന്നൂറ്റി അൻപതിനും നാനൂറിനും ഇടയിൽ സീറ്റ് എൻഡിഎ നേടുമെന്നാണ് ഭൂരിപക്ഷം സർവ്വേകളും പ്രവചിക്കുന്നത്. ചാർ സൗ പാറെന്ന ബിജെപിയുടെ മുദ്രാവാക്യം ഇന്ത്യടുഡെ, ആക്സിസ് മൈ ഇന്ത്യ, ഇന്ത്യ ടിവി, ടുഡെയ്സ് ചാണക്യ സർവേകൾ ശരിവെക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിന് 166 വരെ സീറ്റുകൾ കിട്ടാമെന്നാണ് പ്രവചനം. തെക്കെ ഇന്ത്യയിൽ ഇത്തവണ മോദി നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നും സർവ്വേകൾ ശരിവെയ്ക്കുകയാണ്. കേരളത്തിൽ ഒന്ന് മുതൽ നാല് സീറ്റ് വരെയും തമിഴ്നാട്ടിൽ 1-3 വരെ സീറ്റ് വരെയും തെലങ്കാനയിൽ 10 സീറ്റുകളും ബിജെപിക്ക് നേടാനാകുമെന്നാണ് പ്രവചനം. കർണ്ണാടകയിൽ കോൺഗ്രസിന് മുന്നോ നാലോ സീറ്റുകൾ ഉയർത്താൻ കഴിയുമെന്നുമാണ് പ്രവചനം. മഹാരാഷ്ട്രയിലും ബിജെപിക്ക് കാര്യമായി തകർച്ചയുണ്ടാകാനിടയില്ല. എന്നാൽ മഹാവികാസ് അഘാഡി മികച്ച മത്സരം കാഴ്ച വയ്ക്കുന്നുവെന്നാണ് സർവ്വേകൾ പറയുന്നത്. സർവ്വേകളിൽ ഹിന്ദി ഹൃദയ ഭൂമിയിലും എൻഡിഎയുടെ പകിട്ട് കുറയുന്നില്ല. യുപിയിൽ എൻഡിഎ സീറ്റുകൾ നിലനിർത്തും.

റായ്ബറേലി സീറ്റിൽ രാഹുൽ ഗാന്ധി ജയിക്കുമെന്നാണ് പ്രവചനം. രാജസ്ഥാനിൽ പൂജ്യത്തിൽ നിന്ന് കരകയറാൻ കോൺഗ്രസിന് കഴിഞ്ഞേക്കുമെന്ന് സർവ്വേകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശ് എൻഡിഎ തൂത്ത് വാരിയേക്കും. ഒരു സീറ്റ് കിട്ടുമെന്ന പ്രവചനങ്ങൾ മുൻ മുഖ്യമന്ത്രി കമൽനാഥിൻറെ മകൻ നകുൽനാഥ് മത്സരിച്ച ചിന്ദ്വാര സീറ്റിലാകാനാണ് സാധ്യത. ബിഹാറിൽ ജെഡിയു കൂടി ചേർന്നത് എൻഡിഎക്ക് നേട്ടമാകാമെന്നാണ് സർവ്വേകൾ. എന്നാൽ, കോൺഗ്രസും ആർജെഡിയും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയേക്കും. ബംഗാളിലും ഒഡിഷയിലും ബിജെപി വൻ നേട്ടം ഉണ്ടാക്കാനാണ് സാധ്യതയെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

EXPRESS KERALA VIEW

Top