ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശിയായ കിരൺ (22) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ അച്ഛൻ ആനന്ദാണ് കൊലപാതകം നടത്തിയത്. ബെംഗളൂരു യെലഹങ്കയിലാണ് സംഭവം. പ്രതി ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കിരൺ. ആനന്ദിന്റെ 19-കാരിയായ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി അവധിക്ക് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം.
തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ആനന്ദും ഭാര്യയും വീട്ടിൽ നിന്നിറങ്ങിയതോടെ കിരൺ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ യാത്ര തടസ്സപ്പെട്ട് അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ്, മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനായി. മകളെ ഉടൻ തന്നെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിളിച്ചറിയിച്ചത്.






