ഹൈദരാബാദ്: അഴിമതിയിലൂടെയും അനധികൃത മാർഗ്ഗങ്ങളിലൂടെയും 150 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ച സർക്കാർ എഞ്ചിനീയറെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. തെലങ്കാന പുനരുപയോഗ ഊർജ്ജ വികസന കോർപ്പറേഷനിലെ ഡിവിഷണൽ എഞ്ചിനീയറായ മുത്യം വെങ്കട്ടരമണയാണ് പിടിയിലായത്. വെങ്കട്ടരമണയുടെ ഹൈദരാബാദിലെ വസതിയിലും ബന്ധുക്കളുടെ വീടുകളിലുമടക്കം എട്ടിടങ്ങളിൽ ഒരേസമയം എസിബി ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് കോടികളുടെ വിവരങ്ങൾ പുറത്തുവന്നത്.
4 കോടിയോളം വിലമതിക്കുന്ന 2 കിലോ സ്വർണ്ണവും, തെലങ്കാനയിലെ വിവിധയിടങ്ങളിലായി 8 കോടിയോളം മൂല്യം വരുന്ന 4 ആഡംബര ഫ്ലാറ്റുകളും, 52 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 3 ആഡംബര കാറുകൾ, 30 ലക്ഷത്തോളം വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, 20 കുപ്പി വിദേശമദ്യം എന്നിവയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. ഭാര്യയുടെ പേരിൽ 4 കെട്ടിട നിർമ്മാണ കമ്പനികൾ പ്രവർത്തിപ്പിച്ചിരുന്ന പ്രതി, ഇവയിലൂടെ 10 ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചതായും കണ്ടെത്തി. ഇവയ്‌ക്കെല്ലാം കൂടി വിപണിയിൽ ഏകദേശം 150 കോടിയോളം മൂല്യമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. നേരത്തെ, 2019-ൽ സർവീസിലിരിക്കെ 25,000 കൈക്കൂലി വാങ്ങുന്നതിനിടെ ഇയാൾ പിടിയിലായിട്ടുണ്ട്. അന്ന് നടത്തിയ പരിശോധനയിൽ 26.52 ലക്ഷം പണവും 22.60 ലക്ഷത്തിന്റെ സ്വർണ്ണവും പിടിച്ചെടുത്തിരുന്നു.





