കുവൈത്ത്: രാജ്യത്ത് അമ്പത് ഡിഗ്രി സെൽഷ്യസിലധികം എത്തിനിന്നിരുന്ന കൊടുംചൂടുകാലത്തിന് ഔദ്യോഗികമായി വിരാമമാകുന്നു. വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി കുറയുമെന്നും, പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ സുഖകരമായ തണുപ്പ് അനുഭവിച്ചുതുടങ്ങുമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ്സ റമദാൻ വ്യക്തമാക്കി. ഇനി അത്തരത്തിലുള്ള തീവ്രമായ ഉയർന്ന താപനില രാജ്യത്ത് അനുഭവപ്പെടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ചൂടേറിയ വേനൽക്കാലത്തിന് പൂർണ്ണമായും വിരാമമായി അടുത്ത ഒക്ടോബർ പകുതിയോടെ മിതമായ കാലാവസ്ഥയുടെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമെന്നാണ് വിലയിരുത്തൽ.
നിലവിലെ ദിവസങ്ങളിൽ രാജ്യത്തെ ഉയർന്ന താപനില 37 ഡിഗ്രി മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും, കുറഞ്ഞ താപനില 24 ഡിഗ്രി മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായി താഴുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയിൽ ഇപ്പോൾത്തന്നെ പ്രകടമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പ്രത്യേകിച്ചും രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ ഇതിന്റെ വ്യത്യാസം വ്യക്തമായി അറിയാൻ സാധിക്കും. കടൽത്തീരങ്ങളിലും തീരപ്രദേശങ്ങളിലും ഈർപ്പം കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെങ്കിലും, ഉൾപ്രദേശങ്ങളിലും കടലിൽ നിന്ന് അകന്നുകിടക്കുന്ന പ്രദേശങ്ങളിലും കാലാവസ്ഥ താരതമ്യേന വരണ്ടതായിരിക്കും. സെപ്റ്റംബർ 15 വരെ വിവിധ ദിശകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റ് പിന്നീട് തെക്ക് കിഴക്കൻ ദിശയിലേക്ക് തിരിയും.
തുടർന്നുള്ള ദിവസങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സെപ്റ്റംബർ 16 മുതൽ അവധി ദിനങ്ങൾ വരെ രാജ്യത്ത് സൂര്യപ്രകാശമുള്ളതും എന്നാൽ താരതമ്യേന വരണ്ടതുമായ കാലാവസ്ഥയായിരിക്കുമെന്ന് വ്യക്തമാക്കി. രാത്രിയിൽ കാറ്റ് ശാന്തമായിരിക്കുമെന്നും, പ്രത്യേകിച്ച് അതിരാവിലെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മാസങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉള്ളത്. നവംബർ മാസം രാജ്യത്ത് മഴയുടെ മാസമായിരിക്കുമെന്നും, ഡിസംബറോടെ ഔദ്യോഗികമായി തണുപ്പുകാലം ആരംഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.






