ന്യൂഡൽഹി: അധ്യാപക തസ്തികകളിൽ സംവരണ വിഭാഗങ്ങളെ അവഗണിച്ച് പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (ഐ.ഐ.എം). അഖിലേന്ത്യാ ഒ.ബി.സി വിദ്യാർഥി അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഗൗദ് കിരൺ കുമാറാണ് വിവരാവകാശ നിയമപ്രകാരം ഈ രേഖകൾ സംഘടിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത് 90 ശതമാനം അധ്യാപകരും പൊതുവിഭാഗത്തിൽനിന്നുള്ളവരാണെന്നാണ്.
രണ്ട് ഐ.ഐ.ടികളിലും മൂന്ന് ഐ.ഐ.എമ്മുകളിലും 90 ശതമാനത്തിലധികം അധ്യാപകരും പൊതു വിഭാഗത്തിൽനിന്നുള്ളവരാണ്. ആറ് ഐ.ഐ.ടികളിലും നാല് ഐ.ഐ.എമ്മുകളിൽ 80-90 ശതമാനമാണ് പൊതുവിഭാഗത്തിൽനിന്നുള്ള അധ്യാപകർ.
അതേസമയം, ഒറ്റപ്പെട്ട രീതിയിൽ ചില ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും സംവരണ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട പരിഗണന ലഭിച്ചിട്ടുണ്ട്. ഐ.ഐ.ടി പട്നയിൽ 12 ശതമാനം മാത്രമാണ് പൊതുവിഭാഗം അധ്യാപകർ ഉള്ളത്. ഇവിടെ 38 ശതമാനം അധ്യാപകർ ഒ.ബി.സിക്കാരാണ്. എസ്.സി -22 ശതമാനം, എസ്.ടി -13 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളുടെ നില. ഐ.ഐ.ടി ഭിലായി, ഐ.ഐ.ടി ഇന്ദോർ എന്നിവിടങ്ങളിൽ 50 ശതമാനം വീതമാണ് പൊതുവിഭാഗത്തിൽനിന്നുള്ളവർ.
Also Read :അറിയാം സർവകലാശാല വാർത്തകൾ
നിലവിൽ സംവരണ വിഭാഗങ്ങൾക്കുള്ള നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഒഴിവ് വിവരങ്ങൾ നൽകിയ ഏഴ് ഐ.ഐ.എമ്മുകളിൽ 256 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 88 എണ്ണം ഒ.ബി.സി, 54 എണ്ണം എസ്.സി, 30 എണ്ണം എസ്.ടി വിഭാഗങ്ങൾക്കുള്ളതാണ്.
വിവരങ്ങൾ നൽകിയ 11 ഐ.ഐ.ടികളിൽ 1557 തസ്തികകളാണ് ഒഴിവുള്ളത്. ഇതിൽ 415 എണ്ണം ഒ.ബി.സി, 234 എസ്.സി, 129 എസ്.ടി എന്നീ വിഭാഗങ്ങൾക്കുള്ളതാണ്.