ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രതന്നെ ശക്തമായാലും ഭാവിയുടെ നിയന്ത്രണം ഒരിക്കലും സൂപ്പർഇന്റലിജന്റ് സിസ്റ്റങ്ങൾക്ക് വിട്ടുകൊടുക്കരുതെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. എഐയുടെ അപകടസാധ്യതകളെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നാലെ പേഴ്സണൽ കമ്പ്യൂട്ടറുകളിലെ റാം ഉപയോഗത്തെക്കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വലിയ ഓൺലൈൻ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
വ്യക്തിഗത കമ്പ്യൂട്ടറുകളിൽ ആളുകൾ വലിയ അളവിൽ റാം സൂക്ഷിക്കുന്നതിനെയും അത് വെറുതെ കിടക്കുന്നതിനെയും കുറിച്ച് സാം ആൾട്ട്മാൻ ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചിരുന്നു. ഈ ശേഷി എഐ വർക്ക്ലോഡുകളെ പിന്തുണയ്ക്കുന്ന ക്ലൗഡ് ഡാറ്റ സെന്ററുകളിൽ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഗെയിമർമാർ, ഡെവലപ്പർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കിടയിൽ നിന്ന് ഈ പരാമർശത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു. തുടർന്ന് തന്റെ എക്സ് ഡിസ്പ്ലേ നാമം ‘റാം ആൾട്ട്മാൻ’ എന്ന് മാറ്റി അദ്ദേഹം ഇതിനോട് പ്രതികരിക്കുകയും ചെയ്തു.
Also Read: എഐ പ്രവർത്തനം വൻ സാമ്പത്തിക ബാധ്യത; ഗ്രോക്കിന്റെ നടത്തിപ്പ് ചെലവ് സുസ്ഥിരമല്ലെന്ന് ഇലോൺ മസ്ക്!
ആൾട്ട്മാന്റെ ഈ നിലപാടിനെതിരെ ഇലോൺ മസ്ക് രംഗത്തെത്തുകയും അദ്ദേഹത്തെ പരസ്യമായി പരിഹസിക്കുകയും ചെയ്തു. “ജനങ്ങൾക്കും അവരുടെ റാം അർഹതയുണ്ട്!” എന്ന് കുറിച്ചുകൊണ്ട് മസ്ക് ഇതിനെതിരെ ഒരു മീമും പങ്കുവെച്ചു. എഐ ഡാറ്റാ സെന്ററുകൾക്കായുള്ള മെമ്മറി ആവശ്യകത വർദ്ധിക്കുമ്പോൾ, അത് സാധാരണ ഉപയോക്താക്കളുടെയും പ്രൊഫഷണലുകളുടെയും ആവശ്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണമായി ഈ വാഗ്വാദം മാറിക്കഴിഞ്ഞു.





