വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ട്രംപുമായി വഴിപിരിഞ്ഞ മസ്‌ക് ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് തുറന്നടിച്ചു. ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാര്‍ട്ടി രൂപീകരിക്കാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം.
Also Read: ഇറാൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, ഉപരോധവും യുദ്ധവും ഇറാൻ്റെ മുന്നേറ്റത്തിന് തടസ്സമായില്ല
മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്. നേരത്തെ എക്‌സില്‍ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയുള്ള അഭിപ്രായ സര്‍വേക്ക് മറുപടിയായിട്ടാണ് പ്രഖ്യാപന പോസ്റ്റ് ഇട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് പുതിയ ഒരു പാര്‍ട്ടി വേണമെന്നാണ് ആവശ്യമെന്ന് വ്യക്തമായെന്നും അത് സംഭവിച്ചിരിക്കുന്നുവെന്നും മസ്‌ക് കുറിച്ചു. പാഴ്‌ചെലവും അഴിമതിയും കാരണം രാജ്യത്തെ കടക്കെണിയിലാക്കുന്ന സാഹചര്യത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ ജനാധിപത്യത്തില്‍ അല്ല ഏക പാര്‍ട്ടി സമ്പ്രദായത്തിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയണം. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു നല്‍കാന്‍ വേണ്ടിയാണ് അമേരിക്ക പാര്‍ട്ടി ഇന്ന് രൂപീകരിച്ചിരിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് കുറിച്ചു.
ജൂലൈ നാലിന് അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് ജനങ്ങളുടെ അഭിപ്രായം തേടി മസ്‌ക് എക്‌സില്‍ പോള്‍ ഇട്ടത്. ചിലര്‍ ഏകകക്ഷിയെന്ന് വിളിക്കുന്ന രണ്ടു പാര്‍ട്ടി സമ്പ്രദായത്തില്‍ നിന്ന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണോയെന്ന് ചോദിക്കാന്‍ ഏറ്റവും നല്ല സമയാണ് സ്വാതന്ത്ര്യ ദിനമെന്നും അമേരിക്ക പാര്‍ട്ടി രൂപീകരിക്കണയോന്നും പറഞ്ഞുകൊണ്ടാണ് മസ്‌ക് എക്‌സില്‍ പോള്‍ ഇട്ടത്. 65.4 ശതമാനം പേരും പാര്‍ട്ടി രൂപീകരിക്കണമെന്നും 34.6ശതമാനം പേര്‍ വേണ്ടെന്നും പ്രതികരിച്ചു. ഭൂരിപക്ഷം പേരും പാര്‍ട്ടി രൂപീകരിക്കണമെന്ന് പറഞ്ഞതോടെയാണ് അധികം വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനവും വന്നത്. ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ഉപേക്ഷിച്ചശേഷം പലതവണ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.