CMDRF

സ്റ്റാര്‍ഷിപ്പ് നാലാം വിക്ഷേപണം അടുത്തമാസമെന്ന് അറിയിച്ച് ഇലോണ്‍ മസ്‌ക്

സ്റ്റാര്‍ഷിപ്പ് നാലാം വിക്ഷേപണം അടുത്തമാസമെന്ന് അറിയിച്ച് ഇലോണ്‍ മസ്‌ക്
സ്റ്റാര്‍ഷിപ്പ് നാലാം വിക്ഷേപണം അടുത്തമാസമെന്ന് അറിയിച്ച് ഇലോണ്‍ മസ്‌ക്

ടെക്സാസ്: ലോകത്തില്‍ ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും വലിയ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന സ്റ്റാര്‍ഷിപ്പ് ഇതുവരെ മൂന്ന് വിക്ഷേപണ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യ രണ്ടെണ്ണം പരാജയമായിരുന്നുവെങ്കിലും മൂന്നാം വിക്ഷേപണത്തില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. ഇതിന് പിന്നാലെ അടുത്തമാസം വീണ്ടും പുതിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തിനൊരുങ്ങുകയാണ് സ്പേസ് എക്സ്. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌ക് ഈ വിവരം അറിയിച്ചത്. എന്നാല്‍ കൃത്യമായ തീയ്യതി അറിയിച്ചിട്ടില്ല. യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അതോറ്റിറിയുടെ അനുമതി ലഭിച്ചയുടന്‍ വിക്ഷേപണം നടന്നേക്കും.

ആര്‍ട്ടെമിസ് ഉള്‍പ്പടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്കും ചൊവ്വാ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. ആദ്യ രണ്ട് പരീക്ഷണ വിക്ഷേപണങ്ങളില്‍ പരാജയം നേരിട്ടുവെങ്കിലും ആ വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ മൂന്നാം തവണ റോക്കറ്റിന് സാധിച്ചു. രണ്ട് ഭാഗങ്ങളും കൃത്യമായി വേര്‍പെട്ടെങ്കിലും അവ തിരിച്ചിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മുന്‍വിക്ഷേപണങ്ങളിലെ പിഴവുകള്‍ തിരുത്തിക്കൊണ്ടായിരിക്കും സ്റ്റാര്‍ഷിപ്പിന്റെ നാലാം വിക്ഷേപണം. ഇത്തവണ റോക്കറ്റിനെ നിശ്ചിത ഉയരത്തിലെത്തിക്കാനും സ്റ്റാര്‍ഷിപ്പിനേയും ബൂസ്റ്റര്‍ എഞ്ചിനേയും വിജയകരമായി വേര്‍പെടുത്താനും ബൂസ്റ്ററിനേയും സ്റ്റാര്‍ഷിപ്പിനേയും നിശ്ചിത സമയത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ളതാവും ഇത്. ടെക്സാസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരിക്കും വിക്ഷേപണം.

സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും, സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ഇത് രണ്ടും കൂടി ചേര്‍ന്ന് 121 മീറ്റര്‍ ഉയരമുണ്ട് റോക്കറ്റിന്. താഴെയുള്ള സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററിന് 71 മീറ്റര്‍ ഉയരമുണ്ട്. 3400 ടണ്‍ ഇന്ധനം വഹിക്കും. 33 റാപ്റ്റര്‍ എഞ്ചിനുകളുള്ള ബൂസറ്ററിന് 7600 ടണ്‍ ത്രസ്റ്റ് സൃഷ്ടിക്കാനാവും. മുകളിലുള്ള സ്റ്റാര്‍ഷിപ്പിന് 50 മീറ്റര്‍ ഉയരമുണ്ട്. 3 റാപ്റ്റര്‍ എഞ്ചിനുകളും 3 റാപ്റ്റര്‍ വാക്കം എഞ്ചിനുകളുമാണ് ഇതിനുള്ളത്.

Top