ടെസ്ല റോബോ ടാക്സി ഓഗസ്റ്റ് എട്ടിന്; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ടെസ്ല റോബോ ടാക്സി ഓഗസ്റ്റ് എട്ടിന്; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ടെസ്ല റോബോ ടാക്സി അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. എന്നാല്‍ റോബോടാക്സി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയില്ല. സ്റ്റീയറിങ് ഇല്ലാത്ത പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവിങ് കാര്‍ ആണ് റോബോ ടാക്സി. ഇവ ഓട്ടോണമസ് ടാക്സി സേവനത്തിന് ഉപയോഗിക്കാനാവും.വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന റോബോ ടാക്സി ടെസ്ലയെ സംബന്ധിച്ചിടത്തോളം വഴിത്തിരിവാകാന്‍ സാധ്യതയുള്ള ഉല്പന്നമാണെന്നാണ് മസ്‌ക് പറയുന്നത്.

റോബോ ടാക്സിയുമായി ബന്ധപ്പെട്ട് വളരെ മുമ്പ് തന്നെ മസ്‌ക് പ്രവചനങ്ങള്‍ നടത്തിയിരുന്നതാണ്. 2020 ല്‍ തന്നെ റോബോ ടാക്സികള്‍ നിരത്തിലിറങ്ങുമെന്ന് 2019 ല്‍ ടെസ്ല അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.ഇതില്‍ ചില വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും, ‘ ചിലപ്പോള്‍ എനിക്ക് സമയം പാലിക്കാന്‍ സാധിക്കാറില്ല എന്നാല്‍, ഞാന്‍ അത് ചെയ്തിരിക്കും ടെസ്ല ടീം അത് ചെയ്തിരിക്കും.’ എന്ന മറുപടിയിലൂടെ മസ്‌ക് ആ വിമര്‍ശനങ്ങളെ നേരിട്ടു.

നിലവിലുള്ള ടെസ്ല കാറുകളില്‍ സെല്‍ഫ് ഡ്രൈവിങ് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവയ്ക്ക് ഡ്രൈവറുടെ മേല്‍നോട്ടം ആവശ്യമാണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. സ്റ്റിയറിങും പെഡലുകളും നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ പൂര്‍ണമായും സെല്‍ഫ് ഡ്രൈവിങ് കാറുകളാണ് അവ എന്ന് പറയാനാവില്ല.എന്തായാലും മസ്‌കിന്റെ പ്രഖ്യാപനം വലിയ ആകാംഷയ്ക്കിടയാക്കിയിട്ടുണ്ട്. എന്താണ് റോബോടാക്സിയിലൂടെ ടെസ്ല ആസൂത്രണം ചെയ്യുന്നത് എന്ന് കാത്തിരുന്നറിയാം.

Top