തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഏപ്രില്‍ രണ്ടിന് 106.8882 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്താകെ ഉപയോഗിച്ചത്. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
വൈകിട്ട് 6 മണി മുതല്‍ രാത്രി 11 മണി വരെ എയര്‍ കണ്ടീഷന്‍ പമ്പ് സെറ്റ്, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറയ്ക്കുന്നതിന് സഹായിക്കു, വൈകുന്നേരങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നത് ഒഴിവാക്കുക, കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതും, വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും കഴിയുന്നതും പകല്‍ സമയത്ത് ചെയ്യുക, വൈദ്യുതി വാഹനങ്ങള്‍ പകല്‍ സമയത്ത് ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രി മുന്നോട്ടുവെച്ചത്.