നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ ശ്രദ്ധേയമായ പ്രതികരണവുമായി നടൻ വിനായകൻ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ വിജയമല്ലെന്നും മറിച്ച് കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
“കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്, ആക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക,” എന്നായിരുന്നു വിനായകന്റെ പോസ്റ്റ്.
Also Read:മോഹൻലാൽ-മമ്മൂട്ടി ചിത്രം ‘പേട്രിയറ്റ്’; അഞ്ച് ദിവസം കൊണ്ട് 70 കോടി ക്ലബ്ബിൽ
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിരവധി സിനിമാ പ്രവർത്തകർ രാഷ്ട്രീയ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയപ്പോൾ, പേരാവൂരിലെ കെ.കെ. ശൈലജയുടെ പരാജയത്തിൽ നടി റിമ കല്ലിങ്കൽ നിരാശ പ്രകടിപ്പിച്ചു.
പത്തുവർഷത്തെ ഭരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. 13 മന്ത്രിമാരും മുന്നണി കൺവീനറും പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി. അതേസമയം, 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരം പിടിച്ചെടുക്കാനൊരുങ്ങുകയാണ്.





