സംസ്ഥാനത്ത് പോളിങ് കുറഞ്ഞതില്‍ പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍: കെ മുരളീധരന്‍

സംസ്ഥാനത്ത് പോളിങ് കുറഞ്ഞതില്‍ പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍: കെ മുരളീധരന്‍

തൃശൂര്‍: സംസ്ഥാനത്ത് പോളിങ് കുറഞ്ഞതില്‍ പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. മെഷീനില്‍ കാലതാമസമുണ്ടായി, ചൂടില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സൗകര്യമൊരുക്കിയില്ല, ചില പ്രിസൈഡിങ് ഓഫീസര്‍മാര്‍ മോശമായി പെരുമാറിയെന്നും ഇതോടെ ക്യൂവില്‍ നിന്ന ചിലരൊക്കെ തിരിച്ചു പോയെന്നുമുള്ള ആരോപണമാണ് കെ മുരളീധരന്‍ ഉന്നയിക്കുന്നത്.

തോല്‍ക്കുന്നത് വരെ ബിജെപിക്ക് വിജയം പ്രതീക്ഷിക്കാം. കേരളത്തില്‍ ബിജെപിക്ക് വട്ടപ്പൂജ്യമായിരിക്കും. കാണാന്‍ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാര്‍ഥി വിജയിച്ചിട്ടുണ്ടോ? സിനിമാനടനെ കാണാന്‍ വരുന്നവര്‍ വോട്ടാവണമെന്നില്ല. പത്മജക്ക് തന്നെ ജയിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല പിന്നെയാണോ മറ്റുള്ളവരുടെ ജയം പ്രവചിക്കുക? പത്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്നും തോറ്റാല്‍ അവിടെ കെട്ടിക്കിടക്കുന്ന ശീലം തനിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

യുഡിഎഫിന് വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ല. തൃശൂര്‍ ലോക്സഭയില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു. ഫ്‌ളാറ്റുകളില്‍ കള്ള വോട്ട് ചേര്‍ത്തുവെന്നും ബിഎല്‍ഒമാര്‍ ഒത്താശ ചെയ്തുവെന്നും മുരളീധരന്‍ ആരോപിച്ചു. പൂങ്കുന്നം ഹരിശ്രീയില്‍ ക്രോസ് വോട്ട് നടന്നു. കണക്കനുസരിച്ചാണെങ്കില്‍ യുഡിഎഫ് ഒന്നാമതും എല്‍ഡിഎഫ് രണ്ടാമതും വരണം. എന്നാല്‍ ഡീല്‍ അനുസരിച്ചാണെങ്കില്‍ ബിജെപി രണ്ടാമതായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

Top