പത്തനംതിട്ട: വയോധികയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം മാല കവർന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ചന്ദനപ്പള്ളി സ്വദേശി ഉഷ (37)യാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ചന്ദനപ്പള്ളി പെരുമല വീട്ടിൽ മുൻ അധ്യാപിക മറിയാമ സേവ്യറിൻ്റെ മൂന്നര പവൻ വരുന്ന മാലയാണ് കവർന്നത്.
വീടിൻ്റെ അടുക്കള ഭാഗത്ത് എത്തിയശേഷം മറിയാമയെ വിളിച്ച ഉഷ, പുറത്തേക്ക് വന്ന മറിയാമയുടെ തലയിൽ തുണിയിട്ട് മാല പൊട്ടിക്കുകയുമായിരുന്നു. ഇതിനിടെ മറിയാമയെ കഴുത്തിന് തള്ളി താഴെയിടുകയും ചെയ്‌തു. മോഷണം നടക്കുമ്പോള്‍ ഭർത്താവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
Also Read: 25 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍
അതേസമയം മോഷ്‌ടാവ് മറിയാമയുടെ വീട്ടിലേക്ക് കയറി പോകുന്നത് സമീപവാസിയായ ബന്ധു കണ്ടിരുന്നു. ഉഷ നേരത്തെ മറിയാമയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. കൊടുമൺ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് സംഘം ഉഷയുടെ വീട്ടിലെത്തി മാല കണ്ടെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു.