വീടുകയറി ആക്രമണം; ചെമ്പൂരിൽ എട്ടുപേർ പിടിയിൽ

രണ്ട് ബൈക്കുകളിലായി മാരകായുധങ്ങളുമായി എത്തിയ സംഘം ശ്രീരാജിന്റെ വീടിന്റെ മുൻവശത്തെ ഗ്രിൽ തകർത്താണ് അകത്തുകയറിയത്

വീടുകയറി ആക്രമണം; ചെമ്പൂരിൽ എട്ടുപേർ പിടിയിൽ
വീടുകയറി ആക്രമണം; ചെമ്പൂരിൽ എട്ടുപേർ പിടിയിൽ

ആറ്റിങ്ങൽ: തിരുവനന്തപുരം മുദാക്കൽ ചെമ്പൂരിൽ യുവാവിനെയും സുഹൃത്തുക്കളെയും വീടുകയറി ക്രൂരമായി മർദിച്ച കേസിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാളക്കാട് പീലിയോട്ടുകോണം സ്വദേശികളായ അനീഷ് ലാൽ, സൂരജ്, ശ്യാംലാൽ, വിഷ്ണുലാൽ, ഭദ്രൻ, സന്തോഷ്‌, അനന്ദു, കിരൺ എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ചെമ്പൂർ സ്വദേശി ശ്രീരാജ് (26), സുഹൃത്തുക്കളായ ആദർശ് (21), അജിത്ത് (22) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഒന്നാം പ്രതി അനീഷ് ലാലിന്റെ മകനും പരിക്കേറ്റ ആദർശും തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിൽ ശ്രീരാജും അജിത്തും ആദർശിന്റെ പക്ഷം പിടിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

Also Read: അമ്മയുടെ കാമുകൻ അച്ഛനെ തല്ലിക്കൊന്നു; അഞ്ചുവയസ്സുകാരൻ ഒരു രാത്രി കാവലിരുന്നത് പിതാവിന്റെ മൃതദേഹത്തിന്

രണ്ട് ബൈക്കുകളിലായി മാരകായുധങ്ങളുമായി എത്തിയ സംഘം ശ്രീരാജിന്റെ വീടിന്റെ മുൻവശത്തെ ഗ്രിൽ തകർത്താണ് അകത്തുകയറിയത്. വെട്ടുകത്തിയും ചുറ്റികയും ഉപയോഗിച്ചായിരുന്നു ആക്രമണം. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ യുവാവിനെ സംഘം വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച അജിത്തിനെയും ആദർശിനെയും ക്രൂരമായി മർദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. ആദർശിന്റെ കാലിനും അജിത്തിന്റെ തലയ്ക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേഖലയിൽ ഗുണ്ടാവിളയാട്ടം തടയുന്നതിന്റെ ഭാഗമായി കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share Email
Top