ബലിപെരുന്നാൾ അവധിദിനങ്ങളിൽ ജയിലുകളിലെ തടവുകാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി വിഡിയോ കോളിൽ സംസാരിക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക അനുമതി നൽകി. തടവുകാരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം മുൻനിർത്തിയും, അവരുടെ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ മാതൃകാപരമായ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതനുസരിച്ച് ജൂൺ 26 മുതൽ 29 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് 3:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ തടവുകാർക്ക് വിഡിയോ കോൾ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും. ഇതിൽ വനിതാ തടവുകാർക്കായി ജൂൺ 29-ന് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. ജയിലുകളിൽ തന്നെയുള്ള അത്യാധുനിക പ്രത്യേക കേന്ദ്രങ്ങളിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
‘നാഫിദതി’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് ഈ വിഡിയോ കോളുകൾ സാധ്യമാക്കുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന തടവുകാരുടെ ബന്ധുക്കൾ അബുദാബി ഗവൺമെന്റിന്റെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ ‘താം’ വഴിയോ അല്ലെങ്കിൽ അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഓൺലൈനായി മുൻകൂട്ടി ബുക്കിംഗ് നടത്തേണ്ടതുണ്ട്. അപേക്ഷകൾ പരിശോധിച്ച് അധികൃതർ അത് അംഗീകരിക്കുന്ന മുറയ്ക്ക്, കോൾ ചെയ്യേണ്ട കൃത്യമായ സമയവും നിശ്ചയിച്ചിട്ടുള്ള സെന്ററും വ്യക്തമാക്കിക്കൊണ്ടുള്ള എസ്എംഎസ് സന്ദേശം ബന്ധുക്കളുടെ മൊബൈൽ നമ്പറിലേക്ക് ലഭ്യമാകും.






