ഈദ് അൽ അദ്ഹയുടെ ഭാഗമായി അബുദാബിയിലെ കശാപ്പുശാലകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്ഷ്യസുരക്ഷയുടെയും പൊതുജനാരോഗ്യത്തിന്റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ച്, വളരെ സുഗമമായാണ് ബലിമൃഗങ്ങളെ സ്വീകരിക്കുന്നതും കശാപ്പ് ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ പ്രവർത്തനങ്ങൾ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ക്രമീകരിച്ചിരിക്കുന്നത്. ഈദ് നമസ്കാരത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് വിശ്വാസികൾ അറവുശാലകളിൽ എത്തിത്തുടങ്ങിയിരുന്നു.
ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി മുനിസിപ്പാലിറ്റി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. വെറ്ററിനറി ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും കൂടുതൽ വിന്യസിച്ചും, അറവുശാലകളുടെ പ്രവർത്തനശേഷി വർദ്ധിപ്പിച്ചുമാണ് സേവനങ്ങൾ കാര്യക്ഷമമാക്കിയത്. കശാപ്പിന് മുമ്പും ശേഷവും മാംസം കർശനമായ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഏകദേശം 35,000 ബലിമൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങളാണ് മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുള്ളത്.
Also Read:യുഎഇ സ്വദേശി പെൻഷൻകാർക്ക് ആശ്വാസം; 83.4 കോടി ദിർഹത്തിന്റെ വായ്പ പലിശ ഇളവ് ചെയ്തു!
നേരിട്ടുള്ള സന്ദർശനങ്ങൾക്ക് പുറമെ, സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും ബലിമൃഗങ്ങളെ ഓർഡർ ചെയ്യാനുള്ള സൗകര്യങ്ങൾ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. “തബീഹത്തി,” “അൽ ജസീറ സ്ലോട്ടേഴ്‌സ്,” “എമിറേറ്റ്‌സ് സ്ലോട്ടേഴ്‌സ്,” “ഹലാൽ മസാരെന” തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സേവനം കൂടുതൽ വേഗത്തിലാക്കി. സ്മാർട്ട് ആപ്പുകൾ വഴിയുള്ള അഭ്യർത്ഥനകൾ കൃത്യസമയത്ത് നിറവേറ്റാൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
വേനൽച്ചൂട് കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് മുനിസിപ്പാലിറ്റി ഒരുക്കിയത്. അറവുശാലകളുടെ പുറത്ത് എയർകണ്ടീഷൻ ചെയ്ത ടെന്റുകൾ, തണലുള്ള നടപ്പാതകൾ, തണുത്ത കുടിവെള്ളം എന്നിവ സജ്ജമാക്കി. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക മുൻഗണനയും സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ അംഗീകൃത അറവുശാലകളെ മാത്രം ആശ്രയിക്കണമെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






