കോഴിക്കോട്: ഇ.ഡി ആരോപണങ്ങൾ ബോധപൂർവ്വമായ രാഷ്ട്രീയ തിരക്കഥയാണെന്നും കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്നും സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണയെ മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡിയുടെ ഭാഗത്തുനിുമുണ്ടായിട്ടില്ലെന്നും, മൊഴിപ്പകർപ്പുകൾ കയ്യിലിരിക്കെ ഇത്തരം വാർത്തകൾ പുറത്തുവിടുന്നത് പ്രതിച്ഛായ തകർക്കാൻ മാത്രമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. സിപിഎം വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിട്ടത് ഗൂഢാലോചനയുടെ ഭാഗമാണ്. ‘നമ്മൾ ബേപ്പൂർ’ കൂട്ടായ്മയെയും വരാനിരിക്കുന്ന പുതിയ ബിസിനസ് സംരംഭങ്ങളെയും ഇതിനോടൊപ്പം ചേർത്ത് കഥകൾ മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്നും റിയാസ് വ്യക്തമാക്കി. രേഖകളിൽ ഒപ്പിട്ടത് അതിലെ ആരോപണങ്ങൾ പൂർണമായും സമ്മതിച്ചുവെന്നതിന്റെ തെളിവല്ല. ബിസിനസിനെക്കുറിച്ച് വീണ നൽകിയ മൊഴി കൂടി ചോർത്താൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടേണ്ടതുണ്ട്. കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയും.
Also Read:രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്; തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ്
ഭയന്ന് മിണ്ടാതിരിക്കുന്നവരോടായി ‘മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’ എന്ന ഓർമ്മപ്പെടുത്തലും അദ്ദേഹം നടത്തി. എല്ലാ ചെറിയ ആരോപണങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നാണ് നിയമോപദേശം എങ്കിലും ജനങ്ങൾക്ക് മുന്നിൽ സത്യം തുറന്നുകാട്ടേണ്ടതുണ്ട്. നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും സത്യം വഴിയേ തെളിയുമെന്നും പി.എ. മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.






