സ്വകാര്യവൽക്കരണത്തിന് അനുകൂലമായ സാമ്പത്തിക പരിഷ്കരണം: അർജന്റീനയിൽ പ്രസിഡന്റ് ഹാവിയർ മിലേക്കെതിരേ പ്രതിഷേധം

സ്വകാര്യവൽക്കരണത്തിന് അനുകൂലമായ സാമ്പത്തിക പരിഷ്കരണം: അർജന്റീനയിൽ പ്രസിഡന്റ് ഹാവിയർ മിലേക്കെതിരേ പ്രതിഷേധം

ബ്യൂണസ് ഐറിസ്: അർജന്റീനയിൽ പ്രസിഡന്റ് ഹാവിയർ മിലേ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യവൽക്കരണത്തിനനുകൂലമായ സാമ്പത്തിക നയങ്ങൾക്കെതിരേ അർജന്റീനയിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരേ പോലിസ് അക്രമം അഴിച്ചുവിട്ടു.

പൊതു വ്യവസായത്തെ സ്വകാര്യവൽക്കരിക്കുന്ന ഹാവിയർ മിലെയുടെ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം. സ്വകാര്യവൽക്കരണത്തിനനുകൂലമായ ബിൽ സെനറ്റിൽ പാസാക്കാനിരിക്കെയാണ് തെരുവിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു.

സാമ്പത്തിക പരിഷ്‌കരണങ്ങൾക്കാവശ്യമായ ചർച്ചകൾ സെനറ്റിൽ നടന്നു കൊണ്ടിരിക്കെ ആയിരക്കണക്കിനാളുകൾ ബ്യൂണസ് ഐറിസിന്റെ തെരുവുകളിൽ പ്രതിഷേധ പ്രകടനം ആരംഭിക്കുകയായിരുന്നു. സാമൂഹിക ഗ്രൂപ്പുകളിൽ നിന്നും യൂണിയനുകളിൽ നിന്നുമുള്ള പ്രതിഷേധക്കാരാണ് പ്രകടനം നടത്തിയത്.

ബില്ലിൽ അടങ്ങിയിരിക്കുന്ന നിർദിഷ്ട ചെലവ് ചുരുക്കൽ നടപടികൾക്കെതിരേയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെ പൊലസ് ആളുകൾക്കെതിരെ ലാത്തിയും പ്ലാസ്റ്റിക് ഷീൽഡുകളുമായി വരികയായിരുന്നു.

പ്രതിഷേധക്കാരെ പിടിച്ചു മാറ്റാനെത്തിയ പൊലീസ് കണ്ണീർ വാതകം, റബർ ബുള്ളറ്റുകൾ, ജലപീരങ്കികൾ തുടങ്ങിയവ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് നടന്ന സഘർഷത്തിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

അർജന്റീനയുടെ ചേംബർ ഓഫ് ഡെപ്യൂട്ടീസ് ഇതിനകം തന്നെ ബില്ലുകൾ പാസാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു വർഷത്തേക്കുള്ള അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക, ഊർജ കാര്യങ്ങളിലുള്ള നടപടികളാണ് ബില്ലിൽ ഉൾപ്പെടുന്നത്. നിരവധി പ്രതിപക്ഷ നിയമസഭാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പരുക്കേറ്റതിനെ തുടർന്ന് നിരവധിയാളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ പലരുടെയും മുറിവുകൾ ആഴത്തിലുള്ളതാണെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുമ്പും മിലെയുടെ പരിഷകരണങ്ങൾ വ്യാപകമായ എതിർപ്പുകൾ നേരിട്ടിട്ടുണ്ട്. അധികാരമേറ്റതിനു ശേഷം ഗതാഗതം, വനിതാ ക്ഷേമം, തൊഴിൽ, പരിസ്ഥതി, സാമൂഹിക വികസനം, വിദ്യാഭ്യാസം, ടൂറിസം തുങ്ങിയവയുടെ സർക്കാർ മന്ത്രാലയങ്ങൾ നിർത്താനുള്ള നീക്കം മിലെ നടത്തിയിട്ടുണ്ട്. മിലേ നടത്തുന്ന പരിഷ്കാരങ്ങൾ ജനവിരുദ്ധമാണെന്നാണ് പ്രതിപക്ഷാരോപണം.

Top