ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ഒടുവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 101 കടന്നു. നിലവിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 550 ആയി ഉയർന്നതായും രോഗവ്യാപനത്തിന്റെ തോതിൽ കുറവൊന്നും വന്നിട്ടില്ലെന്നും അന്താരാഷ്ട്ര ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.
വ്യാപനം തടയാൻ അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും രോഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും മൂലം പ്രദേശവാസികൾ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
രോഗലക്ഷണങ്ങൾ കണ്ട് എബോളയാണെന്ന് സ്ഥിരീകരിക്കാൻ ആഴ്ചകൾ വൈകുന്നു. യഥാർത്ഥ രോഗബാധിതരുടെ എണ്ണം നിലവിലെ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തൽ. നിലവിലെ വകഭേദത്തിന് ഫലപ്രദമായ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.
കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇട്ടൂരിയിലാണ് നിലവിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 90 ശതമാനത്തിലേറെയും ഈ ഒരൊറ്റ പ്രവിശ്യയിൽ നിന്നാണ്. എന്നാൽ, നിലവിൽ രോഗികളുടെ എണ്ണത്തിൽ കാണിക്കുന്ന വർദ്ധനവ് രോഗനിർണ്ണയ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതുകൊണ്ടാകാമെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. എബോള വൈറസിന്റെ ആകെ ആറ് വകഭേദങ്ങളിൽ ഏറ്റവും അത്യപൂർവ്വമായ ‘ബൂൻഡി ബുഗ്യോ’ എന്ന വകഭേദമാണ് കോംഗോയിൽ ഇപ്പോൾ പടർന്നുപിടിക്കുന്നത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. കോംഗോയുടെ ചരിത്രത്തിലെ 17-ാമത്തെ എബോള രോഗബാധയാണിത്. ഇതിനുമുമ്പ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ 34 പേർ മരിച്ചിരുന്നു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






