ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യജീവിതത്തിന്റെ വികാസത്തെയും സംസ്‌കാരങ്ങളെയും ഒരുപോലെ രൂപപ്പെടുത്തിയ നദിയാണ് യൂഫ്രട്ടീസ്. നമ്മുടെ ഇന്നത്തെ ലോകത്തിന്റെ അടിത്തറയായ കൃഷിയിടങ്ങൾ, നഗരങ്ങൾ, നിയമവ്യവസ്ഥകൾ, ദൈവ സങ്കൽപ്പങ്ങൾ, ശാസ്ത്ര ശാഖകൾ, വലിയ യുദ്ധങ്ങൾ എന്നിവയെല്ലാം പിറവിയെടുത്തത് ഈ നദീതീരങ്ങളിൽ നിന്നാണ്. എന്നാൽ, ഇത്രയും വലിയ ചരിത്ര പൈതൃകമുണ്ടായിട്ടും, ഈ നദി എങ്ങനെ, എപ്പോൾ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ കൃത്യമായ ഒരു ധാരണ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ, ഏറ്റവും പുതിയ ഒരു ഭൂമിശാസ്ത്ര പഠനം ഈ നിഗൂഢതയുടെ ചുരുളഴിച്ചിരിക്കുകയാണ്.
ഇന്ന് നമ്മൾ കാണുന്ന ആധുനിക യൂഫ്രട്ടീസ് നദി തുർക്കി, സിറിയ, ഇറാഖ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഏകദേശം 3,000 കിലോമീറ്റർ (1,864 മൈൽ) ദൂരം ഒഴുകിയാണ് ഒടുവിൽ പേർഷ്യൻ ഗൾഫിലേക്ക് പതിക്കുന്നത്. ഇതിന്റെ സഹോദരി നദിയായ ടൈഗ്രിസിനൊപ്പം ചേർന്ന് ഇത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നദീതട വ്യവസ്ഥയായി മാറുന്നു. ലോകത്തിലെ ആദ്യത്തെ നാഗരികതകൾക്ക് ജന്മം നൽകിയ ഈ നദിയുടെ ഭൂതകാലം തേടിയുള്ള യാത്ര ശാസ്ത്രലോകത്തെ എത്തിച്ചത് ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള വിചിത്രമായ ചില രഹസ്യങ്ങളിലേക്കാണ്.
യൂഫ്രട്ടീസിന്റെ യഥാർത്ഥ ഉത്ഭവം കണ്ടെത്താനായി ശാസ്ത്രജ്ഞർ പ്രദേശത്തിന്റെ ആധുനിക ഭൂപ്രകൃതിയും ഉപരിതലത്തിന് താഴെയുള്ള ഭൂമിശാസ്ത്ര ഘടനകളും വിശദമായി പരിശോധിച്ചു. ഭൂമിക്കടിയിലെ രഹസ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന അത്യാധുനിക ‘ഭൂകമ്പ-പ്രതിഫലന’ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. വിചിത്രമെന്നു പറയട്ടെ, ആഗോള ഫോസിൽ ഇന്ധന ഭീമനായ ‘ഷെവ്‌റോൺ’ ആണ് ഈ പഠനം നടത്തിയത്. മിഡിൽ ഈസ്റ്റിലെ എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുക എന്ന തങ്ങളുടെ താൽപ്പര്യത്തിന്റെ ഭാഗമായാണ് അവർ ഈ ചരിത്രാതീത രഹസ്യം കണ്ടെത്തിയത്.
ആധുനിക യൂഫ്രട്ടീസ് നദി ഒരുകാലത്ത് ഒരൊറ്റ നദിയായിരുന്നില്ല, മറിച്ച് ‘പാലിയോ-കരാസു’, ‘പാലിയോ-മുറാത്ത്’ എന്നിങ്ങനെ വേറിട്ടു ഒഴുകിയിരുന്ന രണ്ട് വ്യത്യസ്ത നദീതടങ്ങളായിരുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഇന്ന് തുർക്കി എന്നറിയപ്പെടുന്ന അനറ്റോലിയൻ പീഠഭൂമിയിലൂടെയായിരുന്നു ഇവ ഒഴുകിയിരുന്നത്. ഈ രണ്ട് പ്രോട്ടോ-നദികളും ആദ്യം ചെന്നെത്തിയിരുന്നത് ആഴം കുറഞ്ഞ ചില ഉൾനാടൻ തടാകങ്ങളിലായിരുന്നു. പിന്നീട് അവിടെനിന്നും തെക്കോട്ട് നീങ്ങി മെഡിറ്ററേനിയൻ കടലിന്റെ തടത്തിലേക്കാണ് ഇവ ഒഴുക്ക് തുടർന്നത്.
ഏകദേശം 5 മുതൽ 6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ രണ്ട് പുരാതന നദികളും ഒഴുകിയിരുന്ന കാലത്ത് ഭൂമിയിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു. ചരിത്രകാരന്മാരെയും ശാസ്ത്രജ്ഞരെയും ഒന്നുപോലെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസം അക്കാലത്ത് നടന്നു. ‘മെസീനിയൻ ലവണാംശ പ്രതിസന്ധി’ എന്നറിയപ്പെടുന്ന ആ വിചിത്രമായ ഭൂമിശാസ്ത്ര പ്രതിസന്ധിയിൽ, മെഡിറ്ററേനിയൻ കടൽ ഏതാണ്ട് പൂർണ്ണമായും വറ്റിവരളുകയും വലിയൊരു ഉപ്പുസമതലമായി മാറുകയും ചെയ്തിരുന്നു. ആ സമയത്താണ് ഈ നദികൾ അങ്ങോട്ട് ഒഴുകിയിരുന്നത്.
ഈ പുരാതന നദികളുടെ വലിപ്പത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഏറ്റവും കൗതുകകരമായത്. ഇന്നത്തെ ടൈഗ്രിസ്, യൂഫ്രട്ടീസ്, നൈൽ എന്നീ മൂന്ന് വൻ നദികൾ ഒന്നിച്ച് ചേർന്നാൽ എത്രത്തോളം വെള്ളമുണ്ടാകുമോ, അതിനേക്കാൾ കൂടുതൽ ജലം ഈ രണ്ട് പുരാതന നദികളിലൂടെ മാത്രം ഒഴുകിയിരുന്നു എന്നാണ് ഭൂമിശാസ്ത്ര തെളിവുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ആധുനിക നദികളേക്കാൾ വളരെ ചെറിയൊരു പ്രദേശത്തേക്കാണ് ഇത്രയും വലിയ ജലപ്രവാഹം ഒടുവിൽ ചെന്നെത്തിയിരുന്നത്. ഒരുകാലത്ത് ഈ പ്രദേശം ഇപ്പോഴുള്ളതിനേക്കാൾ വളരെ ഈർപ്പമുള്ളതും കനത്ത മഴ ലഭിക്കുന്നതുമായ പർവതമേഖലയായിരുന്നു എന്നതിന്റെ തെളിവാണിത്.
Also Read; വത്തിക്കാന്റെ ‘പവർ സീറ്റ്’ ഇനി ഒരു സ്ത്രീയുടെ കൈകളിൽ; വത്തിക്കാന്റെ പുതിയ ശക്തികേന്ദ്രമായി മരിയ
എന്നാൽ, ശാന്തമായി ഒഴുകിയിരുന്ന ഈ നദികളുടെ വിധി മാറ്റിയെഴുതിയത് ഭൂമിക്കടിയിലുണ്ടായ നാടകീയമായ മാറ്റങ്ങളാണ്. ഏകദേശം 3.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ അനറ്റോലിയൻ വിള്ളലിൽ ശക്തമായ ടെക്റ്റോണിക് ചലനങ്ങൾ (ഭൂഫലകങ്ങളുടെ മാറ്റം) ഉണ്ടായി. ഈ പ്രകൃതി പ്രതിഭാസം നദികളുടെ ഒഴുക്കിനെ മെഡിറ്ററേനിയൻ കടലിൽ നിന്നും തെക്കുകിഴക്ക് ദിശയിലുള്ള അറേബ്യൻ ഫലകത്തിലേക്ക് തിരിച്ചുവിട്ടു. ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന ഈ മന്ദഗതിയിലുള്ള വഴിതിരിച്ചുവിടലാണ്, ഏകദേശം 1.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ന് നമ്മൾ കാണുന്ന യൂഫ്രട്ടീസ് നദിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.
കാലക്രമത്തിൽ, ടൈഗ്രിസ്-യൂഫ്രട്ടീസ് നദികൾക്കിടയിലുള്ള ഈ ഭൂപ്രദേശം മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ കേന്ദ്രമായി മാറി. പ്രകൃതി കനിഞ്ഞുനൽകിയ ഫലഭൂയിഷ്ഠമായ മണ്ണായതുകൊണ്ട് തന്നെ ഈ പ്രദേശം ‘ഫലഭൂയിഷ്ഠമായ ചന്ദ്രക്കല’ എന്നറിയപ്പെട്ടു. ഇവിടെയാണ് സുമേറിയക്കാർ, ബാബിലോണിയക്കാർ, അസീറിയക്കാർ തുടങ്ങിയ ലോകത്തിലെ മഹത്തായ ആദ്യകാല നാഗരികതകൾ അഭിവൃദ്ധി പ്രാപിച്ചത്. മനുഷ്യരാശിക്ക് എഴുത്തുവിദ്യ, ഗണിതം, ജ്യോതിശാസ്ത്രം, കലകൾ എന്നിവയുടെ ആദ്യപാഠങ്ങൾ നൽകിയത് ഈ നദീതീരങ്ങളിലെ പുരാതന നഗരങ്ങളായിരുന്നു.
എന്നാൽ, ദശലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രമുള്ള, നാഗരികതകളുടെ തൊട്ടിലായ ഈ നദി ഇന്ന് മനുഷ്യന്റെ ഇടപെടലുകൾ കാരണം മരണാസന്നമായിരിക്കുകയാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന കടുത്ത വരൾച്ചയും ഡാമുകളുടെ നിർമ്മാണവും കാരണം ടൈഗ്രിസ്-യൂഫ്രട്ടീസ് നദികൾ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന തോതിലാണ് വറ്റിവരണ്ടുകൊണ്ടിരിക്കുന്നത്. നിലവിലെ ജലനിരപ്പ് കുറയുന്നതിന്റെ വേഗത കണക്കാക്കിയാൽ, വരും ദശകങ്ങളിൽ, കൃത്യമായി പറഞ്ഞാൽ 2040 ഓടെ ഈ രണ്ട് നദികളും പൂർണ്ണമായി വറ്റിവരണ്ടേക്കാമെന്നാണ് അന്താരാഷ്ട്ര പഠനങ്ങളും ശാസ്ത്രീയ കണക്കുകളും മുന്നറിയിപ്പ് നൽകുന്നത്.
യൂഫ്രട്ടീസ് നദി വറ്റിവരളുന്നതിനെ ശാസ്ത്രം ഒരു പരിസ്ഥിതി ദുരന്തമായി കാണുമ്പോൾ, ആത്മീയ ലോകം ഇതിനെ നോക്കിക്കാണുന്നത് മറ്റൊരു തരത്തിലാണ്. ബൈബിളിലെ വെളിപാട് പുസ്തകത്തിൽ, യൂഫ്രട്ടീസ് നദി വറ്റുന്നത് ലോകത്തിന്റെ അന്ത്യകാലത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്. നന്മയും തിന്മയും തമ്മിലുള്ള അന്തിമ ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രവചനം. ശാസ്ത്രം അപ്പോക്കലിപ്സ് പ്രവചിക്കുന്നില്ലെങ്കിലും, ഈ പുരാതന നദിയുടെ ഇപ്പോഴത്തെ ദുരവസ്ഥ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആഗോള കുടിവെള്ള-ഭക്ഷ്യ പ്രതിസന്ധിയുടെ വ്യക്തമായ ലക്ഷണമാണ്.






