രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോൾ പൂർണ്ണമായും നിർദ്ദിഷ്ട ഗുണമേന്മ ചട്ടങ്ങൾ പാലിക്കുന്നതാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ. പമ്പുകളിൽ ലഭിക്കുന്ന ഇന്ധനത്തിൽ ജലാംശവും ഉയർന്ന അളവിൽ ക്ലോറൈഡും അടങ്ങിയിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെയാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.
റിഫൈനറികൾ, ഡിസ്റ്റിലറികൾ, പമ്പുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ആയിരക്കണക്കിന് സാമ്പിളുകളിൽ രണ്ടാഴ്ചയായി നടത്തിയ പരിശോധനയിൽ അപൂർവ്വം ചില സാമ്പിളുകളിൽ മാത്രമാണ് ക്ലോറൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും അവയുടെ വിതരണം ഉടൻ തന്നെ തടഞ്ഞുവെന്നും കമ്പനികൾ അറിയിച്ചു. ദിവസേന 8 മുതൽ 12 തവണ വരെ സാന്ദ്രതാ പരിശോധനയും ജലാംശ പരിശോധനയും പമ്പുകളിൽ കർശനമായി നടത്തുന്നുണ്ട്.
ഇ20 ഇന്ധനത്തിന്റെ ഗുണമേന്മയിൽ ഉപഭോക്താക്കൾ യാതൊരുവിധ ആശങ്കയും പുലർത്തേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും വ്യക്തമാക്കി. ദിവസവും രണ്ടായിരത്തിലധികം സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്നും ഭൂഗർഭ ടാങ്കുകളിൽ ജലാംശം കലരാതിരിക്കാനുള്ള മുൻകരുതലുകൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എണ്ണക്കമ്പനികൾ കൂട്ടിച്ചേർത്തു.





