CMDRF

ഇ.പി വരുന്നത് കേസ് നൽകി, സി. പി.എം നേതൃയോഗത്തിൽ ആ കേസും എടുക്കുമോ ? ആകാംക്ഷയോടെ അണികൾ…

ഇ.പി വരുന്നത് കേസ് നൽകി, സി. പി.എം നേതൃയോഗത്തിൽ ആ കേസും എടുക്കുമോ ? ആകാംക്ഷയോടെ അണികൾ…
ഇ.പി വരുന്നത് കേസ് നൽകി, സി. പി.എം നേതൃയോഗത്തിൽ ആ കേസും എടുക്കുമോ ? ആകാംക്ഷയോടെ അണികൾ…

സിപിഎം നേതൃയോഗങ്ങൾ ഞായറാഴ്ച മുതൽ തുടങ്ങാനിരിക്കെ തനിക്കെതിരായ വിമർശനങ്ങളിൽ നിന്നും തലയൂരാൻ കൂടി ലക്ഷ്യമിട്ടാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകിയിരിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനേക്കാൾ ജയരാജന് നിർണ്ണായകമാവുക ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന കമ്മറ്റി യോഗമാണ്.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ഇപി ജയരാജൻ്റെ വീട്ടിൽ എത്തിയ സംഭവം ലോകസഭ തിരഞ്ഞെടുപ്പു ദിവസം ഇപി ജയരാജൻ വെളിപ്പെടുത്തിയതോടെയാണ് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നത്. ഇതോടെ ബിജെപി – സിപിഎം ഡീലിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന പ്രചരണമാണ് വ്യാപകമായി യുഡിഎഫ് കേന്ദ്രങ്ങൾ അഴിച്ചു വിട്ടിരുന്നത്.

‘ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബിജെപിയാണെന്ന’ പ്രചരണം നടത്തി വോട്ട് പിടിച്ചിരുന്ന ഇടതുപക്ഷത്തെ സംബന്ധിച്ച് വോട്ടെടുപ്പ് ദിവസം വന്ന ഈ വെളിപ്പെടുത്തൽ വൻ തിരിച്ചടിയായാണ് മാറിയിരുന്നത്. അതുവരെ ഇപി ജയരാജൻ്റെ പേര് വിവാദ കൂടിക്കാഴ്ച സംബന്ധിച്ച് ആരും തന്നെ ഉന്നയിച്ചിരുന്നില്ലങ്കിലും ഇപി തന്നെ സ്ഥിരീകരണം നൽകിയതോടെ ദല്ലാൾ നന്ദകുമാറും ശോഭ സുരേന്ദ്രനും കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ് ഉണ്ടായത്. ഇടതുപക്ഷത്തിൻ്റെ ന്യൂനപക്ഷ വോട്ട് ബാങ്കിനെ ഈ വിവാദങ്ങൾ വല്ലാതെ ബാധിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

തുടർന്ന്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ഇപി ജയരാജനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി രംഗത്തു വന്നപ്പോൾ ഇപി ജയരാജൻ്റെ വീട്ടിൽ പ്രകാശ് ജാവദേക്കർ വന്നതിലല്ല, ഒപ്പം ദല്ലാൾ നന്ദകുമാർ ഉണ്ടായതിനെയാണ് മുഖ്യമന്ത്രി വിമർശിച്ചിരുന്നത്. ഇത് ഇ.പിയെ സംരക്ഷിക്കുന്ന നിലപാടായാണ് പ്രത്യക്ഷത്തിൽ പിന്നീട് മാറിയിരുന്നത്. തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാന പ്രകാരമാണ് ഇപിക്ക് എതിരെ ആരോപണമുന്നയിച്ച ശോഭ സുരേന്ദ്രന് എതിരെ ഇ.പി ഇപ്പോൾ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ശോഭയ്ക്ക് എതിരെ കേസ് നൽയിരിക്കുന്നത്. ബിജെപിയിലേക്ക് പോകാൻ ജയരാജൻ, ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രൻറെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നാണ് ഇപി പരാതിയിൽ പറയുന്നത്.

നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ മറുപടി നൽകിയിരുന്നില്ല. ഗൂഢാലോചന നടത്തിയതിന് ശോഭ സുരേന്ദ്രൻ, കെ. സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴമ്പില്ലെന്ന മറുപടിയാണ് പൊലീസ് നൽകിയിരുന്നത്. ഈ പരാതി തന്നെ ഒരു പ്രഹസനമായിരുന്നു എന്ന വിമർശനവും നിലവിലുണ്ട്.

കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ.പിയെ സംരക്ഷിക്കുന്ന നിലപാട് നേതാക്കൾ സ്വീകരിച്ചിരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടി ഏൽക്കില്ലന്ന ആത്മവിശ്വാസത്തിൻ്റെ കൂടി അടിസ്ഥാനത്തിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥ അതല്ല. വൻ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഒറ്റക്കെട്ടായി യുഡിഎഫിലേക്കാണ് ഒഴുകിയിരിക്കുന്നത്. ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരുന്ന ഈഴവ – പിന്നോക്ക വോട്ട് ബാങ്കിലും ചേർച്ചയുണ്ടായി.

2019- ലെ തിരിച്ചടിക്ക് ശബരിമലയും രാഹുൽ ഇഫക്ടും ഉൾപ്പെടെ കാരണമായെങ്കിൽ അത്തരമൊരു തരംഗവും ഇല്ലാതെ നടന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തിരിച്ചടി ഇടതുപക്ഷത്തിന് ലഭിച്ചതിനു പിന്നിൽ ഇപി ജയരാജൻ്റെ വെളിപ്പെടുത്തലും ഒരു കാരണമാണ്. മറ്റൊന്ന് സർക്കാർ വിരുദ്ധ വികാരമാണ്. ചില നേതാക്കളുടെ ധാർഷ്ട്യവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവും തോൽവിയുടെ ആഘാതം വർദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപി വോട്ട് ഇരട്ടിയാക്കി ഉയർത്തിയില്ലായിരുന്നു എങ്കിൽ ആലത്തൂർ പോലും കൈവിട്ട് പോയി ഒരു സീറ്റു പോലും ഇല്ലാത്ത അവസ്ഥയിൽ ഇടതുപക്ഷം തകർന്നടിയുമായിരുന്നു.

ഇടതുപക്ഷത്തിന് തീർച്ചയായും വിജയിക്കാൻ കഴിയുമായിരുന്ന കാസർഗോഡ് ലോകസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയമാണ് പാളി പോയിരിക്കുന്നത്. ആരുടെ സ്ഥാനാർത്ഥി ആയിരുന്നു എം.വി ബാലകൃഷ്ണൻ എന്ന ചോദ്യം ഇടതുപക്ഷ അണികൾക്കുള്ളിൽ തന്നെ ഇപ്പോൾ ശക്തമാണ്. പൊന്നാനിയിൽ സമസ്തയുടെ വോട്ട് പ്രതീക്ഷിച്ച് നിർത്തിയ സ്ഥാനാർത്ഥിത്വവും പാളിയിട്ടുണ്ട്.

ഇതെല്ലാം തന്നെ സിപിഎം നേതൃയോഗങ്ങളിൽ സാധാരണ ഗതിയിൽ ചർച്ചയാകേണ്ടതാണ്. രാജ്യത്തെ ഇടതുപക്ഷത്തിൻ്റെ ഏക തുരുത്തും നഷ്ടപ്പെടുന്ന അവസ്ഥയിൽ നിൽക്കുന്നതിനാൽ കടുത്ത നിലപാട് സ്വീകരിക്കാതെ സിപിഎമ്മിന് മുന്നോട്ട് പോകാൻ കഴിയുകയില്ല. സർക്കാറിൽ ഉൾപ്പെടെ അഴിച്ചു പണി വേണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇടതുപക്ഷ കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ തുടർന്നാൽ ഉള്ള വിശ്വാസ്യതയും മുന്നണിക്ക് പോകുമെന്ന അഭിപ്രപ്രായവും നേതാക്കൾക്കിടയിൽ ഉണ്ട്. സംസ്ഥാന കമ്മറ്റി യോഗത്തിൽ ഇക്കാര്യവും ചർച്ചയാകാനാണ് സാധ്യത. സിപിഐ ഇക്കാര്യത്തിൽ നിലപാട് കടുപ്പിക്കുമെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

പ്രകാശ് ജാവദേക്കർ വീട്ടിൽ വന്ന കാര്യം പാർട്ടിയോട് പറയേണ്ട കാര്യമില്ലന്ന ഇ.പി ജയരാജൻ്റെ നിലപാടും പാർട്ടിയെ അറിയിച്ചിരുന്നു എന്ന എം.വി ഗോവിന്ദൻ മാഷിൻ്റെ ‘ തിരുത്തലും ‘ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. താഴെ തട്ടിലുള്ള ഏതെങ്കിലും നേതാവാണ് ഇത്തരം നിലപാട് സ്വീകരിച്ചിരുന്നത് എങ്കിൽ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമായിരുന്നില്ലേ എന്ന ചോദ്യമാണ് പാർട്ടി അണികളിൽ നിന്നും വ്യാപകമായി ഉയരുന്നത്.

ഏത് വിഷയത്തിലും വിമർശനവും സ്വയം വിമർശനവും നടത്തുന്ന രീതിയാണ് സാധാരണ ഗതിയിൽ സിപിഎം പിന്തുടരാറുള്ളത്. ഈ നിലപാട് കീഴ് ഘടകങ്ങൾക്ക് മാത്രമല്ല ബാധകമെങ്കിൽ സംസ്ഥാന കമ്മറ്റിയിൽ ശക്തമായ ചർച്ചകൾ നടക്കും. ഉചിതമായ തീരുമാനവും അതോടൊപ്പം തന്നെ ഉണ്ടാകും. അതല്ലെങ്കിൽ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലെ അവശേഷിക്കുന്ന ‘കനലും’ കെടാനാണ് സാധ്യത.

സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു പി.ബി അംഗങ്ങളും പങ്കെടുക്കുന്ന യോഗമായതിനാൽ സംസ്ഥാന കമ്മറ്റിയിൽ ഉയർന്നു വരുന്ന ചർച്ചകളിൽ കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാടും നിർണ്ണായകമാണ്.

POLITICAL REPORTER

Top