പാലക്കാട്: വാണിയംകുളത്ത് മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകനായ വിനേഷിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ് ആണ് ഷൊർണൂർ ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനേഷിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനേഷ് നിലവിൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് രാകേഷിനൊപ്പം ആക്രമണത്തിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.













