ഇന്ന് തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, പ്രസീദ് കൃഷ്ണ തുടങ്ങിയ താരങ്ങള്‍ പിന്‍മാറി. വയറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്മാറിയത്. ശ്രേയസ് അയ്യര്‍ നായകനായ ഇന്ത്യ ഡി ടീമില്‍ കിഷന് പകരം മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. എങ്കിലും ഇന്ന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ സഞ്ജു ടീമിനൊപ്പം ചേര്‍ന്നേക്കില്ല. കെ എസ് ഭരത് അയ്യരുടെ ടീമില്‍ കളിച്ചേക്കും.
വലതുകൈയ്യുടെ തള്ളവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സൂര്യകുമാര്‍ യാദവ് ദുലീപ് ട്രോഫിയില്‍ നിന്ന് പിന്മാറുന്നത്. റുതുരാജ് ഗെയ്ക്ക്വാദ് നായകനാകുന്ന ഇന്ത്യ സി ടീമിലായിരുന്നു സൂര്യകുമാര്‍ കളിക്കേണ്ടിയിരുന്നത്. ശുഭ്മന്‍ ഗില്‍ നായകനായ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു പേസര്‍ പ്രസീദ് കൃഷ്ണ. വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് പ്രസീദ് കൃഷ്ണയ്ക്ക് തിരിച്ചടിയാകുന്നത്.
നേരത്തെ കായികക്ഷമത പ്രശ്‌നങ്ങളുണ്ടായിരുന്ന നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടൂര്‍ണമെന്റ് കളിക്കാന്‍ കഴിയും. കായികക്ഷമത തെളിയിച്ചതോടെയാണ് താരം കളത്തിലേക്കിറങ്ങുന്നത്. അഭിമന്യൂ ഈശ്വരന്‍ നായകനാകുന്ന ഇന്ത്യ ബി ടീമിന്റെ ഭാഗമാണ് നിതീഷ് കുമാര്‍ റെഡ്ഡി. ഇന്ന് ബെംഗളൂരുവില്‍ തുടങ്ങുന്ന മത്സരത്തില്‍ ഇന്ത്യ എ-ഇന്ത്യ ബിയെയും അനന്തപൂരില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ സി ഇന്ത്യ ഡിയെയും നേരിടും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ എട്ട് വരെയാണ് ആദ്യ രണ്ട് മത്സരങ്ങള്‍.