ദുബായ്: ആഗോള റെയിൽവേ-ഗതാഗത മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ട് ചരിത്രപ്രധാനമായ ‘റെയിൽ എക്സ് ദുബായ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ’ സംഘടിപ്പിക്കാൻ ഒരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ 2027 മേയ് 31 മുതൽ ജൂൺ രണ്ടു വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ആഗോള മേള അരങ്ങേറുന്നത്.
‘റെയിൽ, മൊബിലിറ്റി മേഖലകളുടെ ഭാവി നിർമിതി’ എന്ന പ്രമേയത്തിൽ നടക്കുന്ന പ്രഥമ പതിപ്പിൽ ലോകമെമ്പാടുമുള്ള 5,000-ത്തിലധികം പ്രതിനിധികളും 60-ലധികം അന്താരാഷ്ട്ര പ്രദർശകരും 70-ലധികം വിദഗ്ധ പ്രഭാഷകരും പങ്കെടുക്കും. ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായറാണ് വാർത്താ സമ്മേളനത്തിൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപ്പറേഷൻ മിഡിലീസ്റ്റ് കമേഴ്സ്യൽ ഡയറക്ടർ ഡെങ് വെയ്, ആർ.ടി.എ. റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മൊഹ്സിൻ കൽബത്ത്, ഓർഗനൈസിങ് കമ്മിറ്റി ചെയർപേഴ്സൺ മൂസ അൽ മർറി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജി.സി.സി, മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നീ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴികൾ, അതിവേഗ റെയിൽവേ പദ്ധതികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡിജിറ്റൽ ട്വിൻ, സൈബർ സുരക്ഷ, ഹരിത സാങ്കേതികവിദ്യകൾ, പൊതു-സ്വകാര്യ പങ്കാളിത്തം, ഗ്രീൻ ബോണ്ടുകൾ, സുകൂക്, വികസന നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ റെയിൽ എക്സ് ചർച്ച ചെയ്യും. യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, സിങ്കപ്പൂർ തുടങ്ങിയ മുൻനിര വിപണികളിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച മാതൃകകളും മേളയിൽ പങ്കുവെക്കും. യാത്രക്കാരുടെയും ചരക്കുഗതാഗതത്തിന്റെയും കാര്യക്ഷമത കുത്തനെ ഉയർത്തുന്ന പുതിയ തലമുറ ട്രെയിനുകൾ, സിഗ്നലിങ് സംവിധാനങ്ങൾ, സ്മാർട്ട് മെയിന്റനൻസ് തുടങ്ങിയ നവീന സംവിധാനങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040, ആർ.ടി.എ സ്ട്രാറ്റജിക് പ്ലാൻ 2030 എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി നഗരത്തിലെ ജീവിതനിലവാരം ഉയർത്താനും ആഗോള നിക്ഷേപങ്ങളെ ആകർഷിക്കാനും ഈ അന്താരാഷ്ട്ര സംഗമം വഴിതെളിക്കും.
അതേസമയം, ദുബായ് മെട്രോയും ട്രാമും ഉൾപ്പെടുന്ന പൊതുഗതാഗത ശൃംഖല അതിവേഗത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. നിലവിൽ ദുബായിലെ ആകെ പൊതുഗതാഗത യാത്രക്കാരിൽ 40 ശതമാനവും ആശ്രയിക്കുന്നത് മെട്രോയെയാണ്. 2009-ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ ഏകദേശം 300 കോടി ആളുകളാണ് ദുബായ് മെട്രോയിൽ സുരക്ഷിതമായി യാത്ര ചെയ്തത്. പൊതുഗതാഗത രംഗത്തെ ഈ കരുത്ത് ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി, പുരോഗമിക്കുന്ന ‘ബ്ലൂ ലൈൻ’ പദ്ധതിക്ക് പുറമെ ‘ഗോൾഡ് ലൈൻ’ പദ്ധതിക്കുള്ള ടെൻഡറുകളും ഈ വർഷാവസാനത്തോടെ ക്ഷണിക്കും. 5,500 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ ബ്രഹ്മാണ്ഡ പദ്ധതികൾ പൂർത്തിയാകുന്നതോടെ മെട്രോ ശൃംഖലയുടെ നീളം നിലവിലെ 90 കിലോമീറ്ററിൽ നിന്ന് 162 കിലോമീറ്ററായി അതായത് 80 ശതമാനത്തോളം വർധിക്കും. ബ്ലൂ ലൈൻ 2029-ലും ഗോൾഡ് ലൈൻ 2032-ലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും (ഡി.എക്സ്.ബി.) അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും (ഡി.ഡബ്ല്യു.സി) നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ മെട്രോ ലിങ്ക് പദ്ധതിക്കായുള്ള നിർണായക പഠനങ്ങളും ആർ.ടി.എ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതരുടെയും അന്താരാഷ്ട്ര കൺസൾട്ടന്റുകളുടെയും പൂർണ്ണ സഹകരണത്തോടെ നടക്കുന്ന ഈ പഠനങ്ങളുടെ അന്തിമ റിപ്പോർട്ടും നിഗമനങ്ങളും ഏകദേശം ഒരു വർഷത്തിനുള്ളിൽ തയ്യാറാകുമെന്ന് മത്തർ അൽ തായർ വ്യക്തമാക്കി. ദുബായിന്റെ യാത്രാനുഭവങ്ങളെയും സാമ്പത്തിക വളർച്ചയെയും പുതിയ ഔന്നത്യത്തിലേക്ക് നയിക്കുന്നതായിരിക്കും ഈ പദ്ധതികളെല്ലാം.






