ദുബായ്: സന്ദർശകരുടെയും യാത്രക്കാരുടെയും സേവനങ്ങൾ കൂടുതൽ വേഗത്തിലും സുഗമവുമാക്കുന്ന നൂതന സംവിധാനങ്ങളുമായി ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) അറേബ്യൻ ട്രാവൽ മാർക്കറ്റിൽ. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ ഷെയ്ഖ് സായിദ് ഹാൾ ഒക്ടോബറിലെ പവിലിയനിലാണ് വകുപ്പ് തങ്ങളുടെ അത്യാധുനിക സാങ്കേതിക വിദ്യകളും യാത്രാ സേവനങ്ങളും പരിചയപ്പെടുത്തുന്നത്.
പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കുന്ന ബയോമെട്രിക് വെരിഫിക്കേഷൻ അധിഷ്ഠിത ‘റെഡ് കാർപെറ്റ്’, തിരക്കേറിയ സമയങ്ങളിൽ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രവേശന-പുറപ്പെടൽ നടപടികൾ പൂർത്തിയാക്കുന്ന ‘ക്ലിക്ക് ആൻഡ് ട്രാവൽ’ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ, സ്പോൺസറുടെ ആവശ്യമില്ലാത്ത 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, 60 ദിവസത്തെ എൻട്രി വിസ, വിനോദസഞ്ചാരികൾക്ക് വിവിധ മേഖലകളിൽ ഇളവുകൾ നൽകുന്ന ‘അൽസആദ കാർഡ്’ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാണ്.
Also Read: ഒമാനിൽ കടുത്ത ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ; വധശിക്ഷയും ജീവപര്യന്തവും വരെ ശിക്ഷ
യാത്രക്കാരുടെ സൗകര്യവും വേഗതയും ഉറപ്പാക്കുന്നതിലൂടെ ബിസിനസ്, ടൂറിസം മേഖലകളിൽ ദുബായിയുടെ ആഗോള സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീതി പറഞ്ഞു. പ്രദർശന നഗരിയിലെത്തുന്നവർക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സ്റ്റാൾ സന്ദർശിച്ച് സംശയങ്ങൾ നിവാരണം ചെയ്യാം.






