വേനൽക്കാല തിരക്ക് നേരിടാൻ ദുബായ് കസ്റ്റംസ് സജ്ജം; ലഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!

ജൂലൈ മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം മുപ്പത് ലക്ഷത്തോളം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്

വേനൽക്കാല തിരക്ക് നേരിടാൻ ദുബായ് കസ്റ്റംസ് സജ്ജം; ലഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!
വേനൽക്കാല തിരക്ക് നേരിടാൻ ദുബായ് കസ്റ്റംസ് സജ്ജം; ലഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!

ദുബായ്: വേനൽക്കാല അവധിക്കാലത്തെ അഭൂതപൂർവമായ യാത്രാത്തിരക്ക് നേരിടാൻ വൻ സുരക്ഷാ-പ്രവർത്തന സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ് രംഗത്ത്. ജൂലൈ മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം മുപ്പത് ലക്ഷത്തോളം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഒട്ടും പ്രയാസമില്ലാത്തതും വേഗത്തിലുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് കസ്റ്റംസ് സമഗ്രമായ കർമപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയിലും സേവനത്തിലും യാതൊരു വിട്ടുവീഴ്ചയും വരുത്താതെ, പരിശോധനകൾ മിന്നൽവേഗത്തിലാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയാണ് ഇത്തവണ ദുബായ് കസ്റ്റംസ് സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ടെർമിനലുകളിലായി 19 അത്യാധുനിക ബാഗേജ് സ്‌ക്രീനിങ് സംവിധാനങ്ങളും 77 ഡിറ്റക്‌ഷൻ-ഇൻസ്പെക്‌ഷൻ ഉപകരണങ്ങളും പ്രവർത്തനസജ്ജമാക്കി. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബാഗേജ് പരിശോധനയ്ക്കെടുക്കുന്ന സമയം വെറും ഏഴ് സെക്കൻഡായി കുറയ്ക്കാൻ സാധിച്ചു എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. പരിശോധനയിലെ കൃത്യത നിലനിർത്തിക്കൊണ്ടുതന്നെ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും.

Also Read: അറബ് ലോകത്ത് ഒന്നാമത്..! പാരിസ്ഥിതിക വിപ്ലവവുമായി യു.എ.ഇ

യാത്രക്കാരുടെ സുഗമമായ യാത്രയ്ക്കായി യു.എ.ഇ.യിൽ അനുവദനീയമായ സാധനങ്ങളെക്കുറിച്ചും കസ്റ്റംസ് ഇളവുകളെക്കുറിച്ചുമുള്ള കൃത്യമായ മാർഗനിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യക്തിഗത ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന 3000 ദിർഹം വരെ വിലയുള്ള സമ്മാനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടതില്ല. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നവയ്ക്കും നിശ്ചിത പരിധിയിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾക്കും നിയമപ്രകാരമുള്ള നികുതി ഒടുക്കേണ്ടി വരും.

വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി ദുബായ് കസ്റ്റംസ് ഇത്തവണ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്. ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളുടെ പരിശോധനയ്ക്കായി പ്രത്യേക മുറികൾ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെറ്ററിനറി പരിശോധനകൾ വേഗത്തിലും മൃഗങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലും പൂർത്തിയാക്കാൻ ഇത് സഹായിക്കും.

ദുബായ് സാമ്പത്തിക അജൻഡ ‘ഡി33’-ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കസ്റ്റംസ് ഈ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് പാസഞ്ചർ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഖാലിദ് അഹമ്മദ് വ്യക്തമാക്കി. വിമാനത്താവളത്തിലെ മറ്റ് പങ്കാളികളുമായി ചേർന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന ദുബായിയുടെ പദവി ഉയർത്തിപ്പിടിക്കാൻ ഈ പുതിയ ക്രമീകരണങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top