കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. ബെംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽ നിന്ന് എംഡിഎംഎ വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നയാളാണ് അനസെന്ന് പൊലീസ് പറഞ്ഞു.





