പത്തനംതിട്ട: മയക്കുമരുന്ന് കടത്തൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി. മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും അനധികൃത കടത്ത് തടയൽ നിയമം 1988 വകുപ്പ് 3(1) പ്രകാരം, പത്തനംതിട്ട കുമ്പഴ ആനപ്പാറ മൂലക്കൽ പുരയിടം വീട്ടിൽ ഷാജഹാനെ (40) യാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.
ഈ വർഷത്തെ ആദ്യത്തേതും ജില്ലയിലെ മൂന്നാമത്തേതുമായ ഉത്തരവിലാണ് നടപടി. ജില്ല പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് നടപടികൾക്ക് ഉത്തരവിട്ടത്. ലഹരി വസ്തുക്കൾ കടത്തിയതിന് ഒമ്പത് കേസുകളിലും അഞ്ച് അടിപിടി കേസുകളിലും പ്രതിയായ ഇയാൾ, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത 30.240 കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്നു. അടൂർ പൊലീസ്, പാലക്കാട് എക്സൈസ്, തിരുവല്ല പൊലീസ്, പത്തനംതിട്ട പൊലീസ്, പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിച്ചാണ് ഉത്തരവ്.