തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് സിപിഒമാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ അഭിൻജിത്ത്, രാഹുൽ എന്നിവർക്കെതിരെയാണ് നടപടി. നാർക്കോട്ടിക് സെൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ലഹരി സംഘങ്ങളുമായുള്ള ഇവരുടെ ബന്ധം പുറത്തുവന്നത്.
തിരുവനന്തപുരം ജില്ലയിൽ ലഹരിമരുന്ന് ഉപയോഗവും വിതരണവും വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് നാർക്കോട്ടിക് സെൽ ശക്തമായ പരിശോധനകൾ നടത്തിവരികയായിരുന്നു. ഇത്തരത്തിൽ ലഹരിക്കടത്ത് സംഘങ്ങളെ നിരീക്ഷിക്കുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥർ ലഹരി ഉപയോഗത്തിലും കച്ചവടത്തിലും പങ്കാളികളാണെന്ന വിവരം പുറത്തുവന്നത്. പ്രതികളായ അഭിൻജിത്ത്, രാഹുൽ എന്നിവർക്കെതിരെ ഇപ്പോൾ ഉന്നതതലത്തിലുള്ള സംയുക്ത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇവർക്കെതിരെ നടപടിയെടുത്തത്.
Also Read: ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം
കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന ഇവർക്ക് നാർക്കോട്ടിക് സെല്ലിന്റെ നീക്കങ്ങൾ വയർലെസ് സെറ്റുകൾ വഴി അറിയാൻ സാധിക്കുമായിരുന്നു. പോലീസിന്റെ പരിശോധനാ വിവരങ്ങളും ലൊക്കേഷനുകളും ലഹരി സംഘങ്ങൾക്ക് ഇവർ നേരത്തെ ചോർത്തി നൽകിയിരുന്നോ എന്ന കാര്യത്തിൽ പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം, പോലീസ് സേനയ്ക്ക് അപമാനം വരുത്തി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്ന് റൂറൽ എസ്പിയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.






