നെടുങ്കണ്ടം: ചായക്കടയുടെ മറവിൽ പ്രത്യേക കോഡ് ഭാഷകൾ ഉപയോഗിച്ച് ലഹരിവിൽപന നടത്തിവന്ന കടയുടമ ഉടുമ്പൻചോല എക്സൈസിന്റെ പിടിയിലായി. നെടുങ്കണ്ടം സ്വദേശി കാരിശ്ശേരി മജീദ് ഹാസിം (പേപ്പർ ഇക്ക) ആണ് അറസ്റ്റിലായത്. എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി ഇയാളുടെ ടൗണിലെ ചായക്കടയിലും വീട്ടിലും നടത്തിയ തിരച്ചിലിൽ 22 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും 3 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പാക്കറ്റ് ഒ.സി.ഡി പേപ്പറുകളും പിടിച്ചെടുത്തു.
രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിലാണ് ലഹരിവില്പനയുടെ ചുരുളഴിഞ്ഞത്. കടയിൽ വന്ന് ‘പൊടിച്ചായ’ ആവശ്യപ്പെട്ടാൽ 75 രൂപയ്ക്ക് ചായയ്ക്കൊപ്പം ഹാൻസ് പാക്കറ്റും നൽകും. ‘ഡബിൾ സ്ട്രോങ് ചായ’ എന്ന് പറഞ്ഞാൽ 115 രൂപയ്ക്ക് ചായയ്ക്കൊപ്പം ഒ.സി.ഡി പേപ്പറും ലഭിക്കും. ഓൺലൈൻ സൈറ്റുകൾ വഴി ബൾക്കായി ഒ.സി.ഡി പേപ്പറുകൾ വരുത്തിച്ച്, അതിന്റെ ഗുണനിലവാരം അനുസരിച്ച് 200 മുതൽ 500 രൂപ വരെ വാങ്ങിയാണ് ഇയാൾ വിറ്റിരുന്നത്. ഇതോടെയാണ് ഇയാൾക്ക് ‘പേപ്പർ ഇക്ക’ എന്ന പേരുവന്നത്.
Also Read: പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച; 10 പവനും ഒരു ലക്ഷം രൂപയും കവർന്നു
മജീദിന്റെ കടയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ പുനഃപരിശോധിക്കാൻ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് എക്സൈസ് റിപ്പോർട്ട് നൽകും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് നായർ, പ്രിവന്റീവ് ഓഫീസർമാരായ രതീഷ്കുമാർ, രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി. വർഗീസ്, ടിൽസ് ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. അശ്വതി, ഡ്രൈവർ ഷിബു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.






