വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ഫവാസ് (32), ചെനപറമ്പ് സ്വദേശിനി ശ്രാവൺ താര (24) എന്നിവർ അറസ്റ്റിലായി. ഇവരിൽ നിന്ന് 50.50 ഗ്രാം MDMA, 2.970 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും ആദ്യമായി പിടിയിലാകുന്നത്. തുടർന്ന്, ഇവർ താമസിച്ചിരുന്ന വാഗമൺ വാഗാനക്ഷത്ര സ്യൂട്ട് ഹോട്ടലിൽ നടത്തിയ വിശദമായ പരിശോധനയിൽ, 2.065 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും 3,75,000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.
Also Read: കുഞ്ഞിനോട് ക്രൂരത! നാലു വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു
അറസ്റ്റിലായ ശ്രാവൺ താര, 2025 നവംബർ 11-ന് ആലപ്പുഴ അരൂരിൽ വെച്ച് 430 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ശ്രീമോൻ്റെ ഭാര്യയാണ്. നിലവിൽ ശ്രീമോൻ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. അറസ്റ്റിലായ മുഹമ്മദ് ഫവാസിനെതിരെയും മയക്കുമരുന്ന് കടത്തിന് ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്.
ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്നതിനാണ് ഇരുവരും വാഗമണ്ണിൽ എത്തിയതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരേ പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പ്രിൻസ് ബാബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പ്രദീപ് കുമാർ എന്നിവരുടെ നിർദേശപ്രകാരം പീരുമേട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മിഥുൻ വിജയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.






