വടക്കഞ്ചേരി: ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും വടക്കഞ്ചേരിയിൽ പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്നാണ് ഇരുവരും അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്നും രണ്ട് വ്യത്യസ്ത ബസുകളിലായി എത്തിയ ഇവർ, കോട്ടയത്തേക്കുള്ള മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുമ്പോഴാണ് പരിശോധനയ്ക്ക് വിധേയരായത്. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഇവരിൽ നിന്ന് ആകെ 45.253 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതിൽ 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നുമാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. പ്രതികൾക്ക് അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.





