ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് ഏറെ വിശുദ്ധമായ മക്കയ്ക്ക് സമീപം ഡ്രോൺ ആക്രമണം നടന്നെന്ന റിപ്പോർട്ടുകൾക്കിടെ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. യെമൻ ആസ്ഥാനമായ ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി സൗദി അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ പ്രതികരിച്ചത്. മക്കയുടെ പ്രത്യേക പ്രാധാന്യം കണക്കിലെടുക്കുമ്പോൾ സംഭവം ‘പ്രത്യേകം ആശങ്കാജനകമാണ്’ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം മക്കയ്ക്ക് തെക്ക് ഭാഗത്തുനിന്ന് എത്തിയ ഡ്രോൺ, വിശുദ്ധ നഗരത്തിന് ചുറ്റുമുള്ള നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുനശിപ്പിച്ചതായാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചത്. ഇത് ശത്രുതാപരമായ നടപടിയാണെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി പറഞ്ഞു. രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ഇത്തരം ആക്രമണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ സൗദി അറേബ്യയുടെ ഭൂപ്രദേശത്തിനെതിരായ ആക്രമണങ്ങളെയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും അപകടത്തിലാക്കുന്ന നടപടികളെയും ഇന്ത്യ എതിർത്തു. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയും ഇന്ത്യ പ്രകടിപ്പിച്ചു. അതേസമയം, ഡ്രോൺ തങ്ങൾ മക്കയെയോ മറ്റേതെങ്കിലും ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ട് നടത്തിയതല്ലെന്ന് ഹൂതികളുടെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീഅ് നിഷേധിച്ചു. സൗദിയിലെ എണ്ണ കേന്ദ്രങ്ങളും വിശുദ്ധ കേന്ദ്രങ്ങളിൽ നിന്ന് അകലെയുള്ള സൈനിക താവളങ്ങളുമാണ് തങ്ങളുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സംഭവത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും (OIC) അപലപിച്ചു. സൗദിയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുമായി റിയാദ് സ്വീകരിക്കുന്ന നടപടികൾക്ക് 57 അംഗ സംഘടന പിന്തുണ അറിയിച്ചു. സൗദിയും ഹൂതികളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ പ്രാദേശിക സുരക്ഷയ്ക്കും കപ്പൽ ഗതാഗത പാതകൾക്കും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് മക്കയ്ക്ക് സമീപത്തെ ഡ്രോൺ സംഭവം കൂടുതൽ ശ്രദ്ധ നേടുന്നത്.






