ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് മുൻപ് അപേക്ഷകരുടെ അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഡിസംബർ മുതൽ വീഡിയോ ഗെയിം മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ് നിർബന്ധമാക്കാൻ ഗതാഗത കമ്മീഷണർ നാഗരാജു ചകിലം നിർദ്ദേശം നൽകി. റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന ഈ സംവിധാനം രാജ്യത്താദ്യമാണെങ്കിലും നിലവിലുള്ള കേന്ദ്രനിയമത്തിലും ഇത്തരം ടെസ്റ്റുകൾ നടത്താൻ വ്യവസ്ഥയുണ്ട്.
ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ഈ പുതിയ പരീക്ഷ പാസാകേണ്ടതുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകൾ വഴി ഈ ടെസ്റ്റിനുള്ള പരിശീലനം നൽകും. ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോകളാണ് പരീക്ഷയിലുണ്ടാവുക. ഓരോ വീഡിയോയിലും ഡ്രൈവിംഗിനിടയിൽ നിരത്തിലുണ്ടാകാൻ സാധ്യതയുള്ള കുറഞ്ഞത് രണ്ട് അപകടസാധ്യതകൾ ഉൾപ്പെടുത്തിയിരിക്കും.
Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്!
അപകടസാധ്യതകൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് സ്ക്രീനിലെ ബട്ടൺ അമർത്തുകയാണ് ചെയ്യേണ്ടത്. സമയബന്ധിതമായി തിരിച്ചറിഞ്ഞില്ലെങ്കിൽ മാർക്ക് നഷ്ടമാകും. ശരി ഉത്തരത്തിന് 10 മാർക്ക് വീതം ലഭിക്കും. ആകെ 100 മാർക്കിൽ 60 മാർക്ക് നേടുന്നവർക്ക് മാത്രമായിരിക്കും ലൈസൻസ് ടെസ്റ്റിന് ഹാജരാകാൻ യോഗ്യത ലഭിക്കുക.





