ട്രാഫിക് ക്യാമറകളുടെ കണ്ണുവെട്ടിക്കാൻ ട്രക്കിന്റെ നമ്പർ പ്ലേറ്റിൽ മനഃപൂർവം ചളി പുരട്ടിയ ഡ്രൈവർ ഷാർജ പോലീസ് പിടിയിലായത് വൻ ചർച്ചയാകുന്നു. ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത നിരോധിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും നിയമലംഘനങ്ങൾ നടത്തുന്നതിനുമാണ് ഡ്രൈവർ ഈ തന്ത്രം പരീക്ഷിച്ചത്.
ഷാർജ പോലീസിന്റെ അത്യാധുനിക സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും ഡിജിറ്റൽ ക്യാമറകളും ഉപയോഗിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. വാഹനം നിരീക്ഷിച്ച സ്പെഷ്യലൈസ്ഡ് ഫീൽഡ് ടീം നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ലോറിയും ഡ്രൈവറും പിടിയിലായത്. നമ്പർ പ്ലേറ്റുകൾ മറയ്ക്കാനോ ഡിജിറ്റൽ സംവിധാനങ്ങളെ കബളിപ്പിക്കാനോ ശ്രമിക്കുന്നവർ എത്ര ചതുരത്തിൽ കളിച്ചാലും നിയമത്തിൽനിന്ന് രക്ഷപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: ഹോർമുസിൽ ഇറാൻ നടത്തിയത് ആസൂത്രിത കടൽക്കൊള്ള! കുറ്റപ്പെടുത്തി യു.എ.ഇ
ഫെഡറൽ ഡിക്രി-ലോ നമ്പർ (14) ഓഫ് 2024-ലെ ആർട്ടിക്കിൾ 34 പ്രകാരം, നമ്പർ പ്ലേറ്റിലെ വിവരങ്ങൾ വികലമാക്കുകയോ മായ്ച്ചുകളയുകയോ ചെയ്യുന്ന കുറ്റത്തിന് തടവുശിക്ഷയും കുറഞ്ഞത് 20,000 ദിർഹം പിഴയുമാണ് ശിക്ഷ ലഭിക്കുക. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭാരവാഹന ഡ്രൈവർമാർ നിശ്ചിത റൂട്ടുകളും സമയക്രമങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






