കാപ്പി അമിതമായി കുടിച്ചാല്‍ മുടി കൊഴിച്ചില്‍ ഉറപ്പാണ്

കാപ്പി അമിതമായി കുടിച്ചാല്‍ മുടി കൊഴിച്ചില്‍ ഉറപ്പാണ്

രാവിലെ എഴുന്നേറ്റാല്‍ ഒരു കാപ്പി, അത് നിര്‍ബന്ധമാണ് ചിലര്‍ക്ക്. ചിലര്‍ ഒന്നില്‍ നിര്‍ത്തില്ല സമയം കിട്ടുമ്പോഴെല്ലാം ഒരു കാപ്പി കുടിക്കല്‍ നിര്‍ബന്ധമാണ് അവര്‍ക്ക്. എന്നാല്‍ കാപ്പി പ്രിയരായ സ്ത്രീകള്‍ ഒന്ന് കരുതിയിരുന്നോളൂ, ഇഷ്ടത്തോടെ നിങ്ങള്‍ ഈ കുടിക്കുന്ന കാപ്പി മുടി കൊഴിച്ചലിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അമിതമായി കഫീന്‍ ശരീരത്തിലെത്തുന്നത് സ്ത്രീകളുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് ആരോഗ്യ പരിശീലകന്‍ തിയോ ബെര്‍ഗ്മാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം കഫീന്‍ കൂടുതലായി ശരീരത്തിലെത്തുന്നതോടെ അഡ്രിനല്‍ ഗ്രന്ഥി കൂടുതല്‍ അളവില്‍ അഡ്രിനാലിന്‍ പുറത്തുവിടാന്‍ കാരണമാകും. ഇത് അഡ്രിനലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ദുര്‍ബലമായ അഡ്രിനല്‍ ഗ്രന്ഥികള്‍ മുടി കൊഴിച്ചിലിന് കാരണമാകും. എന്നാല്‍ കാപ്പി തലയില്‍ ഉപയോഗിക്കുന്നത് മുടിയ്ക്ക് ഗുണകരമാണെന്നാണ് ദീ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍ ആയ ശുഭ രമേഷ് പറയുന്നത്. ‘കഫീന്‍ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും തലയോട്ടിയില്‍ നേരിട്ട് പ്രയോഗിക്കുന്നത് വഴി മുടിയുടെ ആയുസ് കൂട്ടുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണിന്റെ (ഡിഎച്ച്ടി) ഫലങ്ങളെ പ്രതിരോധിക്കാനും കഫീന് സാധിക്കുമത്രേ. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന പഠനത്തില്‍ പറയുന്നത് തലയോട്ടിയില്‍ കാപ്പി നേരിട്ട് പ്രയോഗിക്കുന്നത് രോമകൂപങ്ങളിലേക്ക് കഫീന്‍ നേരിട്ട് ചെല്ലാന്‍ സഹായിക്കുമെന്നാണ്. അതേസമയം കഴിക്കുന്നത് രോമകൂപങ്ങളെ ബാധിക്കില്ല, അതുകൊണ്ട് തന്നെ ഗുണകരവുമാകില്ല.

അതേസമയം കഫീന്‍ അമിതമായി കഴിക്കുന്നത് ഹോര്‍മോണ്‍ അസന്തുലനത്തിന് കാരണമായേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പോഷകങ്ങളുടെ ആഗിരണത്തെ തടയുകയും മുടിയുടെ ആരോഗ്യത്തെ പരോക്ഷമായി ബാധിക്കുകയും ചെയ്യും.ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണത്തേയും കഫീന്‍ ഉപയോഗം ബാധിക്കും . മിതമായ അളവില്‍ കോഫി കഴിക്കുന്നത് കൊണ്ട് അത് മുടിയെ ദോഷകരമായി ബാധിക്കില്ല. അതുകൊണ്ട് തന്നെ മുടിയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ കഫീന്‍ ശരീരത്തിലെത്തുന്നതിന്റെ അളവ് കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ഒരു ദിവസം 400 ഗ്രാമില്‍ കൂടുതല്‍ കാപ്പി കുടിക്കാതിരിക്കുക. മുടി കൊഴിച്ചില്‍ കൂടുതല്‍ ഉള്ളവര്‍ പക്ഷേ ഒരിക്കലും സ്വയം ചികിത്സക്ക് പുറകെ പോകാന്‍ നില്‍ക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Top