മസ്കത്ത്: ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തും. ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലെ വിജയകരമായ സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഒമാൻ സുൽത്താനേറ്റിൽ എത്തിച്ചേരുന്നത്. 2026 ജൂലൈ 9, 10 തീയതികളിൽ നടക്കുന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ, സാംസ്കാരിക മേഖലകളിലെ സഹകരണം കൂടുതൽ ഊർജിതമാക്കാനുള്ള ചർച്ചകൾ നടക്കും.
സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി ഡോ. എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ദീർഘകാല സൗഹൃദം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനൊപ്പം, പ്രാദേശികവും അന്തർദേശീയവുമായ സമകാലിക വിഷയങ്ങളും വിദേശകാര്യ മന്ത്രിമാർ പരസ്പരം പങ്കുവെക്കും. കഴിഞ്ഞ 2025 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒമാൻ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും കൈക്കൊണ്ട നിർണായക തീരുമാനങ്ങളുടെ പുരോഗതിയും ഈ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും.
2026 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നതിനുള്ള ഭാവി റോഡ്‌മാപ്പ് രൂപീകരിക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ സാധ്യതകൾക്ക് വൻ കുതിപ്പേകുന്നതാണ് ഈ കരാർ. ഒമാൻ സന്ദർശനത്തിന് ശേഷം ഡോ. ജയശങ്കർ അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് ചില പ്രധാന നയതന്ത്ര പരിപാടികളിലും പങ്കാളിയാകും. 2026 ജൂലൈ 13-ന് ന്യൂയോർക്കിൽ വെച്ച്, 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രചാരണ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് 2026 ജൂലൈ 14, 15 തീയതികളിൽ ബ്രസൽസിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിലും അദ്ദേഹം പങ്കടുക്കും. യൂറോപ്യൻ യൂണിയന്റെയും ബെൽജിയത്തിന്റെയും വിദേശകാര്യ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായി നടക്കും. ഡോ. എസ്. ജയശങ്കറിന്റെ ഈ ഒമാൻ സന്ദർശനം പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ സുദൃഢമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






