അടൂർ: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് ശക്തമായ മറുപടിയുമായി ഡിവൈഎഫ്‌ഐ അടൂർ ബ്ലോക്ക് കമ്മിറ്റി രംഗത്ത്. ‘ഡിവൈഎഫ്‌ഐ അടൂർ ബിസി’ എന്ന പേജിനെതിരെ ശ്രീനാദേവി പരാതി നൽകിയ പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രതികരണം. നിരന്തരം തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാമെന്നും പൊലീസിനെ ഉപയോഗിച്ച് കേസ് കൊടുത്ത് വായ മൂടിക്കെട്ടാമെന്നുമാണ് തീരുമാനമെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
ശ്രീനാദേവി ക്രിമിനലാണെന്നും വണ്ടിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളുള്ള പഴയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചിരുന്നു. ഇത് ഡിവൈഎഫ്ഐ മനപ്പൂർവം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ശ്രീനാദേവി പരാതി നൽകിയതിനെതിരെയാണ് സംഘടനയുടെ വിശദീകരണം. എന്നാൽ ഇത് തങ്ങൾ നിർമ്മിച്ച വ്യാജ വീഡിയോ അല്ലെന്നും വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ നിലവിലുള്ളതാണെന്നുമാണ് ഡിവൈഎഫ്ഐയുടെ വാദം. വീഡിയോ പ്രചരിപ്പിച്ചതാണോ കുറ്റമെന്നും അവർ ചോദിക്കുന്നു.
‘ഒരു വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണല്ലോ ഇപ്പോൾ പരാതി നൽകുമെന്ന് പറഞ്ഞിരിക്കുന്നത്. ആ വീഡിയോ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ഉള്ളതാണ്, അല്ലാതെ ഡിവൈഎഫ്ഐ ഉണ്ടാക്കിവിട്ടതല്ല. ഇന്നും അവിടുത്തെ നാട്ടുകാർ മുഴുവൻ നിങ്ങൾക്കെതിരെ പ്രതികരിക്കാൻ തയ്യാറാണ്. ഒരു കോൺഗ്രസ് മെമ്പർ ഉൾപ്പെടെ ആ വീഡിയോയിൽ വന്ന് സംസാരിക്കുന്നുണ്ട്. എന്നിട്ടും അത് തെറ്റാണെന്ന് വാദിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ അവസ്ഥ വളരെ കഷ്ടമാണ്,’ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
നികൃഷ്ടമായ വാക്കുകൾ ഉപയോഗിച്ച് ഒരു ജനപ്രതിനിധി സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ പ്രതികരിച്ചപ്പോഴൊന്നും ഇല്ലാത്ത എന്ത് പ്രത്യേക പരിഗണനയാണ് തിരിച്ച് ലഭിക്കേണ്ടതെന്നും, ഇങ്ങോട്ട് പെരുമാറുന്നതുപോലെ തന്നെയാകും അങ്ങോട്ടും പ്രതികരണമെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേർത്തു.






