മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അളക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ജി.ഡി.പി കണക്കുകൾ ആദ്യം പുറത്തുവരുമ്പോൾ തന്നെ അന്തിമമായി കാണാനാകില്ല. പ്രാഥമിക കണക്കുകൾ പിന്നീട് പുനർനിർണയം ചെയ്യുമ്പോൾ വളർച്ചനിരക്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ കണക്ക് താഴുകയും ചിലപ്പോൾ ഉയരുകയും ചെയ്യുന്നതിനാൽ, ഇപ്പോൾ പുറത്തുവന്ന കണക്കുകൾ ഭാവിയിൽ മാറാനുള്ള സാധ്യതയുണ്ട്.
2023 ഏപ്രിൽ-ജൂൺ പാദത്തിൽ ആദ്യ കണക്കിൽ വളർച്ച 8.2 ശതമാനമായിരുന്നു. പുനർനിർണയത്തിന് ശേഷം ഇത് 6.6 ശതമാനമായി കുറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിലെ എല്ലാ പാദങ്ങളിലും പ്രൊവിഷണൽ കണക്കുകളേക്കാൾ കുറഞ്ഞ വളർച്ചനിരക്കാണ് പിന്നീട് രേഖപ്പെടുത്തിയത്. എന്നാൽ തിരിച്ചും സംഭവിച്ചിട്ടുണ്ട്. 2024 ഏപ്രിൽ-ജൂൺ പാദത്തിലെ പ്രാഥമിക വളർച്ച 6.5 ശതമാനമായിരുന്നെങ്കിൽ പുനർനിർണയത്തിൽ ഇത് 7.5 ശതമാനമായി ഉയർന്നു. 2025 ജനുവരി-മാർച്ച് പാദത്തിലെ വളർച്ചയും ആദ്യം കണക്കാക്കിയ 7.4 ശതമാനത്തിൽനിന്ന് 6.6 ശതമാനമായി കുറഞ്ഞിരുന്നു.
ഇപ്പോൾ 2026-27 സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിലെ വളർച്ചനിരക്ക് 7.8 ശതമാനമാണ്. എന്നാൽ പുനർനിർണയത്തിന് ശേഷം ഇത് കൂടുകയോ കുറയുകയോ നിലവിലെ നിലയിൽ തന്നെ തുടരുകയോ ചെയ്യാം. വാർഷിക ജി.ഡി.പി കണക്കുകളിൽ ആദ്യം രണ്ട് അനുമാനങ്ങളാണ് പുറത്തുവരുന്നത്. തുടർന്ന് പ്രൊവിഷണൽ കണക്കും രണ്ട് ഘട്ടങ്ങളിലായി പുനർനിർണയവും നടക്കും. അതിനാൽ അന്തിമ കണക്കുകൾ പുറത്തുവരാൻ മൂന്നുവർഷംവരെ സമയമെടുക്കാറുണ്ട്.
2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യ ഔദ്യോഗിക ജി.ഡി.പി അനുമാനം 2027 ജനുവരിയിലും രണ്ടാം അനുമാനം ഫെബ്രുവരിയിലും പുറത്തുവരും. പ്രൊവിഷണൽ കണക്ക് ജൂണിൽ പ്രഖ്യാപിക്കും. തുടർന്ന് പുതുക്കിയ ആദ്യ കണക്ക് 2028 ഫെബ്രുവരിയിലും രണ്ടാമത്തേത് 2029 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കും. ഇതായിരിക്കും അന്തിമ കണക്ക്. 2021-22 സാമ്പത്തികവർഷംവരെ മൂന്നാമത്തെ പുനർനിർണയത്തിന് ശേഷമായിരുന്നു അന്തിമ കണക്ക് വന്നിരുന്നത്. പിന്നീട് ഇത് രണ്ട് പുനർനിർണയമായി ചുരുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ 7.8 ശതമാനം വളർച്ചയെ അന്തിമ കണക്കായി കാണേണ്ടതില്ല.






