മെലിഞ്ഞ ശരീരം കൊളസ്‌ട്രോൾ ഇല്ലായ്മയുടെ ഉറപ്പല്ല. വണ്ണമുള്ളവരെ പോലെ തന്നെ മെലിഞ്ഞവരിലും കൊളസ്‌ട്രോളിന്റെ അളവ് വർധിക്കാം എന്നതാണ് യാഥാർത്ഥ്യം. കൊളസ്‌ട്രോളിന്റെ അളവ് അപകടകരമാംവിധം വർധിക്കുമ്പോൾ അത് ധമനികളെ ചുരുക്കുകയും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
ശരീരത്തിൽ ഉയർന്ന അളവിൽ കൊളസ്‌ട്രോൾ ഉണ്ട് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചർമ്മത്തിലെ മുഴകൾ (സാന്തോമകൾ)
ചർമ്മത്തിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ചെറിയ മുഴകളാണ് സാന്തോമകൾ. ഇവ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ്. കണ്ണുകൾക്ക് ചുറ്റും, കൈമുട്ടുകളിലും കാൽമുട്ടുകളിലും ഇവ സാധാരണയായി കാണപ്പെടുന്നു. കൂടാതെ, കൃഷ്ണമണിക്ക് ചുറ്റും കാണുന്ന ഇളം നിറത്തിലുള്ള വളയം (‘ആർക്കസ് സെനിലിസ്’) ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
നെഞ്ചുവേദന (ആൻജൈന)
ഉയർന്ന കൊളസ്‌ട്രോൾ രക്തധമനികളുടെ ആവരണത്തിൽ പ്ലാക്ക് (കൊഴുപ്പ്) അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികളെ ഇടുങ്ങിയതാക്കുമ്പോൾ, രക്തയോട്ടം കുറയുകയും നെഞ്ചുവേദന അഥവാ ‘ആൻജൈന’ ഉണ്ടാകുകയും ചെയ്യുന്നു. നെഞ്ചിൽ അനുഭവപ്പെടുന്ന സമ്മർദ്ദം, വലിഞ്ഞുമുറുകൽ, വേദന എന്നിവ ഹൃദയത്തിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം, അതിനാൽ ഈ ലക്ഷണം ഒരിക്കലും അവഗണിക്കരുത്.
കാലുകളിലെ നീണ്ടുനിൽക്കുന്ന വേദന
കൊളസ്‌ട്രോൾ അടിഞ്ഞുകൂടി രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുമ്പോൾ കാലുകളിൽ വേദന ഉണ്ടാവാം. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ വേദന കൂടുകയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യാം. എന്നാൽ രക്തപ്രവാഹം തീരെ കുറയുമ്പോൾ വെറുതെ ഇരിക്കുന്ന അവസ്ഥയിലും വേദനയുണ്ടാകാൻ സാധ്യതയുണ്ട്.
Also Read: പുരുഷ വന്ധ്യത! തിരിച്ചറിയാൻ വൈകരുത്; ശരീരം നൽകുന്ന പ്രധാന ലക്ഷണങ്ങൾ അറിയാം
ഡ്യൂപ്യൂട്രെൻസ് കോൺട്രാക്ടർ
കൊളസ്‌ട്രോൾ അസന്തുലിതാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നായി ‘ഡ്യൂപ്യൂട്രെൻസ് കോൺട്രാക്ടർ’ എന്ന അവസ്ഥയെ കണക്കാക്കുന്നു. മോതിര വിരലിന്റെയും ചെറുവിരലിന്റെയും ടെൻഡോണികൾ (വിരൽ വളയ്ക്കാൻ സഹായിക്കുന്നവ) സാവധാനം മുറുകി കൈപ്പത്തിയിലേക്ക് വളയുകയും ചലനശേഷി കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്.
നീണ്ടുനിൽക്കുന്ന ക്ഷീണവും ശ്വാസംമുട്ടലും
ഉയർന്ന കൊളസ്‌ട്രോൾ ധമനികളെ ചുരുക്കുമ്പോൾ അവയവങ്ങൾക്ക് ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നു. ഇത് ഹൃദയത്തിന് കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നതിന് കാരണമാകും. പടികൾ കയറുമ്പോഴും നടക്കുമ്പോഴും അമിതമായ ക്ഷീണവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നത് ഇതിന്റെ സൂചനയാകാം. തുടക്കത്തിൽ ക്ഷീണം ശ്രദ്ധിക്കപ്പെടില്ലെങ്കിലും ശ്വാസംമുട്ടൽ കൂടി ഉണ്ടാകുമ്പോൾ നിർബന്ധമായും വൈദ്യസഹായം തേടണം.
കൊളസ്‌ട്രോളിന് കാരണമാകുന്ന മറ്റ് ഘടകങ്ങൾ
കൊഴുപ്പുകൾ അടങ്ങിയ മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പാരമ്പര്യം, പ്രമേഹം, തൈറോയിഡ്, വൃക്കരോഗം, കരൾ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉയർന്ന കൊളസ്‌ട്രോളിന് കാരണമായേക്കാം.













