ഐപിഎൽ 2026-ന്റെ ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച പഞ്ചാബ് കിംഗ്‌സ് ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ടീം, രണ്ടാം പകുതിയിൽ തുടർച്ചയായി നാല് മത്സരങ്ങളാണ് പരാജയപ്പെട്ടത്. ഏറ്റവും ഒടുവിൽ ഡൽഹി ക്യാപിറ്റൽസിനോട് ഏറ്റ തോൽവി ടീമിന് വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തിൽ, പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ആരാധകരുടെ പിന്തുണ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഭ്‌സിമ്രാൻ സിംഗ് വീഡിയോ സന്ദേശവുമായി എത്തിയത്.
Also Read: ഐപിഎൽ പ്ലേഓഫ് ആവേശം! ഗുജറാത്ത് ഒന്നാമത്; ചെന്നൈയുടെ സാധ്യത വർദ്ധിക്കുന്നു, ആർസിബിക്ക് തിരിച്ചടി
“നമ്മൾ തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ടു എന്നത് സത്യമാണ്, പക്ഷേ നമ്മൾ ഇപ്പോഴും പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. നമ്മൾ തീർച്ചയായും പ്ലേഓഫിലേക്ക് യോഗ്യത നേടുകയും കിരീടം ഉയർത്തുകയും ചെയ്യും,” എന്ന് പ്രഭ്‌സിമ്രാൻ സിംഗ് വീഡിയോയിൽ പറഞ്ഞു. ധർമ്മശാലയിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിൽ ഗാലറിയെ ‘ചുവപ്പണിയിക്കാൻ’ ആരാധകർ കൂട്ടത്തോടെ എത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ആരാധകരുടെ പിന്തുണ ഈ ഘട്ടത്തിൽ വളരെ പ്രധാനമാണെന്നും താരം കൂട്ടിച്ചേർത്തു.
നിലവിൽ 11 മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങളുമായി 13 പോയിന്റോടെ നാലാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്‌സ്. പ്ലേഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും വിജയിക്കേണ്ടത് പഞ്ചാബിന് അനിവാര്യമാണ്. അതേസമയം, പ്രഭ്‌സിമ്രാൻ സിംഗിന്റെ ഫോമും ടീമിന് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ 15, 3, 18 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകൾ. മുംബൈക്കെതിരായ മത്സരത്തിലൂടെ ടീമിനെയും തന്റെ ഫോമിനെയും തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് പ്രഭ്‌സിമ്രാൻ.






