ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നയിക്കുന്നത് റിഷഭ് പന്താണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്തിനെ 27 കോടി മുടക്കിയാണ് ലക്നൗ ടീമിലെത്തിച്ചത്. റിഷഭ് പന്തിന് ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണാണ് പിന്നീട് ടി20യിൽ തിളങ്ങിയത്.
ഇന്ത്യൻ ടി20 ടീമില്‍ തിരിച്ചെത്താന്‍ റിഷഭ് പന്തിന് ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്തവണത്തെ ഐപിഎല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. എന്നാല്‍ സഞ്ജുവുമായി മത്സരിക്കാനായി ടോപ് ഓര്‍ഡറില്‍ ഇറങ്ങാതെ മിഡില്‍ ഓര്‍ഡറില്‍ തന്നെ കളിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു. മിഡില്‍ ഓര്‍ഡറില്‍ നിക്കോളാസ് പുരാനും ഡേവിഡ് മില്ലര്‍ക്കുമൊപ്പം ബാറ്റ് ചെയ്യുകയാണ് വേണ്ടതെന്നും ആകാശ് ചോപ്ര പറഞ്ഞു.
Also Read: ന്യൂസിലൻഡ് പര്യടനത്തിലെ തോൽവി; പാക് ടീമിന് ട്രോൾ പൂരം
പന്ത് ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിന്‍റെ ഭാഗമല്ല. ടി20 ടീമിലേക്ക് പന്തിനെ പരിഗണിക്കുന്നതുപോലുമില്ല. ഇതാണ് റിഷഭ് പന്തിന്‍റെ അവസരം, ഈ സീസണില്‍ പരമവാധി റണ്‍സടിച്ച് തിരിച്ചുവരണം. ഓപ്പണറായി സഞ്ജുവുമായി മത്സരിക്കാന്‍ നില്‍ക്കേണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. മൂന്നാം നമ്പറിന് മുകളില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. ടീമിന് മികച്ച തുടക്കം ലഭിച്ചാൽ മാത്രം മൂന്നാം നമ്പറിലിറങ്ങുകയും അല്ലെങ്കില്‍ നാലാമനായി ക്രീസിലിറങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.